| Tuesday, 19th August 2014, 5:03 pm

ഒഡേസ സത്യന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജനകീയ സിനിമയെന്ന ആശയത്തിന്റെ മുഖ്യ വക്താവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഒഡേസ സത്യന്‍ ഒഡേസ സത്യന്‍(57) അന്തരിച്ചു. നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

എഴുപതുകളിലെ നക്‌സലൈറ്റ് പ്രവര്‍ത്തനവും ജനകീയ സാംസ്‌കാരികവേദിയും ഉയര്‍ത്തിവിട്ട സത്യസന്ധതയും ആത്മാര്‍ത്ഥതയും സമന്വയപ്പിച്ച രാഷ്ട്രീയബോധ്യത്തിന്റെ പ്രതിനിധിയാണ് ഒഡേസ സത്യന്‍ എന്ന് വിളിച്ച് പോരുന്ന സി.വി സത്യന്‍.

1957 ഒക്‌ടോബര്‍ 10ന് വടകരയ്ക്കടുത്ത് കോട്ടത്തുരുത്തി ഗ്രാമത്തില്‍ പരേതരായ കുങ്കര്‍-ചീരു ദമ്പതികളുടെ മകനായി ജനനം. ഇടതുപക്ഷ തൊഴിലാളി-വര്‍ഗ സംഘടനകളിലൂടെ പൊതുജീവിതം ആരംഭിച്ചു. ഇരിങ്ങല്‍പാറയില്‍ പാറത്തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ  സമരം ശ്രദ്ധേയമായിരുന്നു. പിന്നീട് തീവ്ര ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായി. അടിയന്തരാവസ്ഥാകാലത്ത് നേതാക്കളെല്ലാം ജയിലിലായപ്പോള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പുന:സംഘടിപ്പിച്ച സി.പി.ഐ.എം.എല്‍ ന്റെ ജില്ലാസെക്രട്ടറിയായി.

കോഴിക്കോട് മെഡിക്കല്‍കോളജ് കേന്ദ്രീകരിച്ച് നടന്ന ജനകീയ വിചാരണയുടെ കാലത്ത് സത്യന്‍ ആയിരുന്നു പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറി. എണ്‍പതുകളില്‍ കേരളത്തില്‍ ഫിലിംസൊസൈറ്റി പ്രസ്ഥാനങ്ങള്‍ സജീവമായപ്പോള്‍ അതിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായി മാറി.

പ്രമുഖ ജനകീയ സിനിമാ സംവിധായകന്‍ ജോണ്‍ എബ്രഹാമിനോടൊപ്പം സിനിമാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ സത്യന്‍ മലയാള ഡോക്യുമെന്ററി സിനിമാ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. സത്യന്റെ ഡോക്യുമെന്ററികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് കവി  എ. അയ്യപ്പനെ കുറിച്ചുള്ള “ഇത്രയും യാതഭാഗം…” ഡോക്യുമെന്ററിയായിരുന്നു. 2007ല്‍ ഇത് സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി.

മറ്റൊരു ശ്രദ്ധേയമായ ഡോക്യുമെന്ററിയായിരുന്നു “വേട്ടയാടപ്പെട്ട മനസ്സ്”. നക്‌സലൈറ്റ് പ്രവര്‍ത്തകനായിരുന്ന വര്‍ഗീസിനെ വെടിവെച്ചുകൊന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ ആസ്പദമാക്കിയാണ് ഈ ഡോക്യുമെന്ററി നിര്‍മിച്ചത്. പണയത്തിന്റെയും ലൈംഗികതയുടേയും രാഷ്ട്രിയം ചര്‍ച്ചചെയ്യുന്ന”പ്രണയത്തിന്റെ ശവമുറി”(Mortury of love),  അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്വം മുന്‍നിര്‍ത്തി ‘”അഗ്നിരേഖ” എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട്‌ ഹിന്ദുത്വരാഷ്ട്രീയം വിശകലനം ചെയ്യുന്ന ‘”വിശുദ്ധപശു”’(Holy Cow) ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലായിരുന്നു അവസാന നാളുകളില്‍ അദ്ദേഹം.

[]ജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ജനകീയ സിനിമകള്‍ നിര്‍മ്മിക്കുക എന്ന ആശയത്തിലൂടെ ജോണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ കടന്നുവന്ന സിനിമാ പ്രസ്ഥാനമായിരുന്നു ഒഡേസ. കേരളത്തിന്റെ ഗ്രാമങ്ങളിലും തെരുവുകളിലും സമാന്തര ചലച്ചിത്രാസ്വാദനസംസ്‌കാരം ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് സിനിമാ പ്രദര്‍ശനങ്ങള്‍ സത്യന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു.

ജോണ്‍ എബ്രാഹാം മരിച്ചതിനെ തുടര്‍ന്ന് സത്യന്‍ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോയി. ഒഡേസയുടെ നേതൃത്വത്തില്‍ നിരവധി ജനകീയ സിനിമകള്‍ പിറവികൊണ്ടിരുന്നു. ജോണിനൊപ്പം “അമ്മഅറിയാന്‍”’എന്ന ചലച്ചിത്രത്തില്‍ സംഘാടകനും അഭിനേതാവുമായി. ജോണിന്റെ കാലശേഷം ഒഡേസയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. ഇക്കാലത്താണ് സി.വി സത്യന് ഒഡേസ സത്യന്‍’എന്ന പേര് വന്നുചേര്‍ന്നത്.

ഉദരത്തിലെ കാന്‍സറിനെ കൂസാതെയാണ് “വിശുദ്ധപശു”വിന്റെ ചിത്രീകരണവും ജോണ്‍ അനുസ്മരണ ചലച്ചിത്രമേളയും സംഘടിപ്പിച്ചത്.സത്യന്റെ നിര്യാണം കേരളത്തിലെ ഡോക്യുമെന്ററി സിനിമാ മേഖലയില്‍ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സി.വി ജെന്നി ഭാര്യയും സാന്ദ്ര സി.വി, സോയ സി.വി എന്നിവര്‍ മക്കളുമാണ്. മരുമകന്‍ അജിത്.

We use cookies to give you the best possible experience. Learn more