| Thursday, 5th July 2012, 12:06 pm

'വിബ്ജിയോര്‍ ഫെസ്റ്റിവെല്‍ സാംസ്‌കാരികാധിനിവേശം, നിയന്ത്രിക്കുന്നത് ക്രിസ്ത്യന്‍ സഭ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ നടക്കുന്ന വിബ്ജിയോര്‍ ചലച്ചിത്രമേള സാംസ്‌കാരികാധിനിവേശമാണെന്ന് പ്രശസ്ത സംവിധായകനും ആക്ടിവിസ്റ്റുമായ ഒഡേസ സത്യന്‍. ക്രിസ്ത്യന്‍ സഭയുടെ നിയന്ത്രണത്തിലാണ് വിബ്ജിയോര്‍ മേള നടക്കുന്നത്.  പുറത്തുനിന്നാണ് അതിന്റെ പണം മുഴുവന്‍ വരുന്നത്. അതിന്റെ മൊത്തം സംഘാടക രീതി, ശൈലി, അതില്‍ കളിക്കുന്ന പടങ്ങളൊക്കെ പഠിച്ചാല്‍ നമുക്കതു മനസ്സിലാവുമെന്നും ഒഡേസ സത്യന്‍ പറയുന്നു. തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ച റെനി ഐലിനുമായുള്ള സംഭാഷണത്തിലാണ് ഒഡേസ സത്യന്‍ വിബ്ജിയോര്‍ മേളയ്‌ക്കെതിരെ രൂക്ഷവിമര്‍ശമുന്നയിക്കുന്നത്.

“ഇതൊരു എന്‍.ജി.ഒ മേളയാണെന്ന്. ഇതില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍നിന്നു വരുന്ന എന്‍.ജി.ഒ സംഘങ്ങളും പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തകരുമൊക്കെയുണ്ട്. പല സ്ഥലങ്ങളിലെ എന്‍.ജി.ഒ പ്രവര്‍ത്തകര്‍ വന്നു തമ്പടിക്കുന്ന ഒരു കേന്ദ്രമാണത്. ആ ഫെസ്റ്റിവലിന്റെ ഡയറക്ടറായിരുന്നു ശരത്ചന്ദ്രന്‍.” അദ്ദേഹം പറയുന്നു.

സ്ഥിരമായി വിബ്ജിയോര്‍ മേളയില്‍ പങ്കെടുക്കുന്ന താന്‍ സത്യം മനസ്സിലാക്കിയതിലൂടെ പിന്മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതില്‍ പങ്കെടുക്കുന്നവര്‍ക്കു റിസര്‍ച്ച് എന്ന പേരില്‍ പണം കൊടുത്തു നിഷ്‌ക്രിയരാക്കുകയാണു ചെയ്യുന്നത്. ഇങ്ങനെ കലാകാരന്മാരെ നശിപ്പിക്കുന്ന ഒരു കൂടാരമാണ് വിബ്ജിയോര്‍ മേളയെന്നും ഒഡേസ സത്യന്‍ അഭിപ്രായപ്പെട്ടു.

പ്രശസ്ത സംവിധായകനും ആക്ടിവിസ്റ്റുമായ അന്തരിച്ച ശരത്ചന്ദ്രനെയും സത്യന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഫെസ്റ്റിവെല്‍ ഡയറക്ടറായിരുന്ന ശരത്ചന്ദ്രന്‍ ആദ്യഘട്ടത്തില്‍ നല്ല രാഷ്ട്രീയമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ അദ്ദേഹം ഗള്‍ഫില്‍നിന്നു വന്നതിനു ശേഷം എന്‍.ജി.ഒകളുടെ പിടിയിലമര്‍ന്ന് രാഷ്ട്രീയവും ജീവിതവും പൂര്‍ണമായും മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“എന്‍.ജി.ഒകള്‍ക്കെതിരായ സമരം കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ട  വലിയ ഉത്തരവാദിത്തമാണ്. ഫിലിം സൊസൈറ്റികളുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. ആദ്യകാലത്ത് വളരെ കഷ്ടപ്പെട്ട് സിനിമാസാക്ഷരതയുണ്ടാക്കുന്ന പ്രവര്‍ത്തനമൊക്കെ ഫിലിം സൊസൈറ്റി ചെയ്തിരുന്നു. അക്കാദമി രൂപീകരിച്ചതോടുകൂടി ഫെഡറേഷനുമായി ചേര്‍ന്നു സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഫെഡറേഷന്‍ ഉള്‍പ്പെടെ പലതും സി.പി.ഐ.എമ്മിന്റെ പൂര്‍ണ നിയന്ത്രണത്തിലായി. സര്‍ക്കാര്‍ ഗ്രാന്റും പണവും ലഭിക്കുന്ന അക്കാദമി ഫെഡറേഷന്‍, കക്ഷി രാഷട്രീയക്കാരുടെ ഒരു പോഷക സംഘടനയായി മാറി. പിന്നെ ഇതിന്റെ ദൗത്യം കേരളീയ സമൂഹത്തിനാവശ്യമില്ലാത്തതായിത്തീര്‍ന്നു. ഫെഡറേഷനെ ഇനി ചെയ്യേണ്ടത് പിരിച്ചുവിടുക മാത്രമാണ്. ” സത്യന്‍ പറയുന്നു.

റിലയന്‍സിന്റെ പണം ഉപയോഗിച്ചാണ് ഷാജി. എന്‍. കരുണ്‍ സിനിമയെടുത്തത്. വടക്കേ ഇന്ത്യയില്‍ ഛത്തീസ്ഗഡ് പോലുള്ള സ്ഥലങ്ങളില്‍ ഖനികള്‍ സ്വന്തമാക്കാന്‍വേണ്ടി ആദിവാസികളെ വെടിവച്ചുകൊന്നും അവരുടെ കിടപ്പാടം ഇല്ലാതാക്കിയും സ്ത്രീകളെ ബലാല്‍സംഗം ചെയ്തും പോലീസ് പൗരാവകാശ ലംഘനങ്ങള്‍ നടത്തുന്നത് നാം പത്രങ്ങളില്‍ വായിക്കുന്നു. എന്നാല്‍, ഇതേ കമ്പനികള്‍ മറുവശത്ത് പണം കൊടുത്ത് മനുഷ്യന്റെ ഏകാന്തതയെയും ദു:ഖത്തെയും കുറിച്ചു സിനിമയെടുക്കാന്‍ കലാകാരന്മാരെ വിലയ്‌ക്കെടുക്കുന്നു. കേരളത്തില്‍ ഇതു ചോദ്യംചെയ്യപ്പെടുന്നില്ലെന്നും ഒഡേസ സത്യന്‍ കുറ്റപ്പെടുത്തുന്നു.


“അവനവനാത്മസുഖ’രാഷ്ട്രീയത്തെ തിരിച്ചറിയുക”; വിബ്ജിയോര്‍ അംഗങ്ങള്‍ മറുപടി പറയുന്നു

We use cookies to give you the best possible experience. Learn more