ഒറ്റ ഐ.പി.എല്‍ മത്സരം പോലും കളിക്കാത്തവന്‍ ലേലത്തില്‍ നേടിയത് 6 കോടി; ഒടിയനായി ഓഡിയന്‍ സ്മിത്; കണ്ണീരോടെ രാജസ്ഥാന്‍ ആരാധിക
IPL
ഒറ്റ ഐ.പി.എല്‍ മത്സരം പോലും കളിക്കാത്തവന്‍ ലേലത്തില്‍ നേടിയത് 6 കോടി; ഒടിയനായി ഓഡിയന്‍ സ്മിത്; കണ്ണീരോടെ രാജസ്ഥാന്‍ ആരാധിക
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th February 2022, 3:43 pm

ഐ.പി.എല്ലിലെ കന്നിക്കാരന് ലഭിച്ചേക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് പ്രീതി സിന്റയുടെ പഞ്ചാബ് കിംഗ്‌സ് കരീബിയന്‍ ഇന്റര്‍നാഷണല്‍ താരം ഓഡിയന്‍ സ്മിത്തിനെ സ്വന്തമാക്കിയിരിക്കുന്നത്.

കരീബിയന്‍ പ്രീമിയര്‍ ലീഗിലും വെസ്റ്റ് ഇന്‍ഡീസ് ടീമിലും തന്റെ പ്രതിഭ തെളിയിച്ച താരം ഐ.പി.എല്ലിലും സാന്നിധ്യമാവാനൊരുങ്ങുകയാണ്.

ജമൈക്കയില്‍ നിന്നുള്ള കരീബിയന്‍ താരത്തിന്റെ ആകാശം തൊടുന്ന വമ്പനടികള്‍ മാത്രമല്ല, പന്തുകൊണ്ട് പിച്ചില്‍ കാണിക്കുന്ന ഇന്ദ്രജാലവുമാണ് ആ 25കാരനെ ഫാന്‍ ഫേവറിറ്റാക്കിയത്.

ദേശീയ ടീമിന് വേണ്ടി പോലും അധികം മത്സരങ്ങള്‍ കളിക്കാതെയാണ് താരം ഐ.പി.എല്‍ ലേലത്തില്‍ 6 കോടി സ്വന്തമാക്കിയതെന്നറിയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വെക്കും. വിന്‍ഡീസിന് വേണ്ടി മൂന്ന് ഏകദിനത്തിലും ഏഴ് ടി-20 മത്സരങ്ങളും മാത്രമാണ് താരം കളിച്ചത്.

എന്നാല്‍ സി.പി.എല്ലില്‍ ആമസോണ്‍ ഗയാന വാരിയേഴ്‌സിന്റെ വെടിക്കെട്ട് താരമായ സ്മിത് ഒരു പക്കാ ടി-20 സ്പഷ്യലിസ്റ്റാണ്. എന്തു തന്നെയായാലും ഓഡിയന്‍ പഞ്ചാബിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.

ഓഡിയന് പിന്നാലെ ലഖ്‌നൗവും രാജസ്ഥാനും മുന്‍പേ ഉണ്ടായിരുന്നു. വാശിയേറിയ ലേലത്തിനൊടുവിലാണ് ഓഡിയന്‍ പഞ്ചാബിലെത്തിയത്.

ഓഡിയന്‍ സ്മിത് പഞ്ചാബിലെത്തിയതില്‍ ഏറെ സങ്കടപ്പെടുന്നത് രാജസ്ഥാന്റെ ഒരു ആരാധികയാണ്. ഓഡിയന്‍ സ്മിത്തിനെ രാജസ്ഥാന്‍ ടീമിലേക്ക് സ്വാഗതം ചെയ്യാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.

രാജസ്ഥാന്‍ ടീമിന്റെ ലോഗോയ്‌ക്കൊപ്പം ഓഡിയന്റെ പേരും ചേര്‍ത്ത് മൈലാഞ്ചിയിട്ട് താരത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയ ആരാധികയുടെ വീഡിയോ രാജസ്ഥാന്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരുന്നു.

സ്മിത്തിനൊപ്പം സന്ദീപ് ശര്‍മ, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരെയാണ് പഞ്ചാബ് ഇന്ന് സ്വന്തമാക്കിയത്. ഇഷാന്‍ പോരല്‍, ജിതേഷ് ശര്‍മ, പ്രഭ്സിമ്രാന്‍ സിംഗ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ചഹര്‍, ജോണി ബെയസ്ട്രോ, കഗീസോ റബാദ. ശിഖര്‍ ധവാന്‍ എന്നിവരെയാണ് ടീം കഴിഞ്ഞ് ദിവസം സ്വന്തമാക്കിയത്.

മായങ്ക് അഗര്‍വാളിനെയും (14 കോടി) അര്‍ഷ്ദീപ് സിംഗി (4 കോടി)നെയുമായിരുന്നു ടീം നിലനിര്‍ത്തിയത്.

Punjab retained Mayank and Arshdeep | Dailyindia.net

ഏപ്രില്‍ മൂന്നിനാണ് ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരം. ജൂണ്‍ മൂന്നിനാണ് കലാശപ്പോരാട്ടം.

Content highlight: Odean Smith bags 6 crores in Mega Auction, joins Punjab Kings