| Thursday, 11th January 2024, 1:24 pm

ഓടക്കുഴല്‍ അവാര്‍ഡ് പി.എന്‍.ഗോപീകൃഷ്ണന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണക്ക് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കവി പി.എന്‍. ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്‌കാരം. 30000 രൂപയും പ്രശസ്തി പത്രവുമാണ് അടങ്ങുന്നതാണ് അവാര്‍ഡ്.

മഹാകവി ജിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമര്‍പ്പിക്കും. എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി. ഓഡിറ്റോറിയത്തില്‍ വെച്ച് ട്രസ്റ്റ് അദ്ധ്യക്ഷ ഡോ. എം. ലീലാവതിയാണ് അവാര്‍ഡ് നല്‍കുക. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. ഇ.വി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തും.

‘ജീവിക്കുന്ന ദേശത്തില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയെ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഒപ്പിയെടുക്കുന്ന മാന്ത്രികമായ ആലേഖനങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകള്‍. അവ വാഗ്ലീലകളോ സമയത്തിന്റെ കേവലാങ്കനങ്ങളോ അല്ല. നമ്മുടെ കാലത്തിന്റെ സത്തയെ മൂടുന്ന പ്രച്ഛന്നവേഷങ്ങളുടെ അടരുകള്‍ ചീന്തിയെറിയുന്ന, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടേയും ദര്‍ശനങ്ങളുടേയും ആഴമേറിയ ദര്‍പ്പണങ്ങളാണ്’, കൃതിയെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയസമിതി വിലയിരുത്തി.

ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ സാഹിത്യപുരസ്‌കാരജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് സമ്മാനത്തുകയുടെ നാലിലൊന്ന് നിക്ഷേപിച്ച് സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. ഓരോ വര്‍ഷവും മലയാളത്തിലെ മികച്ച സാഹിത്യ കൃതിയ്ക്ക് 1968 മുതല്‍ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്‌കാരമാണ് ഓടക്കുഴല്‍ അവാര്‍ഡ്.

തൃശൂര്‍ സ്വദേശിയായ പി.എന്‍. ഗോപീകൃഷണന്‍ കെ.എസ്.എഫ്.ഇയില്‍ ജീവനക്കാരനാണ്. 2014ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിരുന്നു.

content highlights: odakkuzhal award to pn gopi krishnan

We use cookies to give you the best possible experience. Learn more