കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗിയായ ഹാരിസ് മരിച്ചത് ചികിത്സയിലെ അശ്രദ്ധ മൂലമെന്ന് ആശുപത്രിയിലെ ഡോക്ടര്‍ നജ്മ. ഹാരിസിന് മുഖത്ത് മാസ്‌ക് ഉണ്ടായിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.
ഹാരിസിന് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആണ് തന്നോട് പറഞ്ഞതെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.
മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും അവരിത് പ്രശ്‌നമാക്കരുതെന്ന് പറയുകയായിരുന്നു. തനിക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും ഡോ. നജ്മ പറഞ്ഞു.
വിവരം പുറത്ത് പറഞ്ഞ നഴ്‌സിംഗ് ഓഫീസര്‍ ജലജാ ദേവിക്കെതിരായ അച്ചടക്ക നടപടി ശരിയല്ലെന്നും ഡോക്ടര്‍ പറഞ്ഞു. വീഴ്ച അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ഡോക്ടര്‍മാരും കുറ്റക്കാരണെന്നും തെറ്റ് ചെയ്തവര്‍ ആരായാലും അവരെ ശിക്ഷിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇത് പറഞ്ഞതിന് തനിക്കെതിരെയും നടപടി വന്നേക്കാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗിയായ ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് വെളിപ്പെടുത്തുന്ന വാട്‌സ്ആപ്പ് സന്ദേശം പുറത്തായത്. നഴ്‌സിംഗ് ഓഫീസറായ ജലജാ ദേവി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്.
പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വെക്കുന്നതെന്നും ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സംരക്ഷിച്ചതുകൊണ്ടാണ് പല കേസുകളിലും നടപടിയുണ്ടാകാതിരുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.
സംഭവം വാര്‍ത്തയായതിന് പിന്നാലെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജലജാ ദേവിയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
അതേസമയം ഹാരിസിന്റെ മരണത്തില്‍ നേരത്തെ തന്നെ സംശയമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ആശുപത്രി അധികൃതരുടെ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നും ഹാരിസിന്റെ ബന്ധു എച്ച്. അന്‍വര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Doctor Najma from Kalamassery Medical college says covid patient allegedly died lack of oxygen is not fake