എട്ടു കാലുള്ള കടല്‍ ജീവിയായ നീരാളി സ്വപ്‌നം കാണുമോ? സ്വപ്‌നം കണ്ടാല്‍ അവരുടെ നിറം മാറുമോ?
സംശയം വേണ്ട, സ്വപ്‌നം കാണുമ്പോള്‍ നിറം മാറുന്ന ഒരു നീരാളിചങ്ങാതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ഒക്ടോപസ് എന്ന ഡോക്യുമെന്ററിക്കുവേണ്ടി പി.ബി.എസ് പകര്‍ത്തിയ വീഡിയോയാണ് ട്വിറ്ററില്‍ ട്രെന്റിങ്ങാവുന്നത്.
കടലിന്റെ മുകള്‍ത്തട്ടില്‍ കിടക്കുന്ന നീരാളി പതിയെപ്പതിയെ മഞ്ഞയും തവിടും നിറത്തിലേക്ക് മാറുന്ന കാഴ്ച വളരെയധികം കൗതുകകരമാണെന്നാണ് നിരവധിപേര്‍ പറയുന്നത്. കടലില്‍ ഇരപിടിക്കാനും, ഇണകളെ ആകര്‍ഷിക്കാനും, ഒളിച്ചിരിക്കാനും നിറം മാറുന്ന നീരാളികളെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്‍ സ്വപ്‌നം കണ്ട് നിറം മാറുന്ന ഇവള്‍ ഞങ്ങളെ ഞെട്ടിച്ചു, ചിലര്‍ പറയുന്നു.
നിറം മാറ്റത്തിന് കാരണമായ എന്ത് സ്വപ്‌നമായിരിക്കും നീരാളി കണ്ടിട്ടുണ്ടാവുകയെന്ന് ചിന്തിക്കുകയാണ് ശാസ്ത്രജ്ഞനായ ഡോ.ഡേവിഡ് ഷീല്‍. അദ്ദേഹം പറയുന്നതിങ്ങനെ
‘അവള്‍ സ്വപ്‌നത്തില്‍ ഒരു ഞണ്ടിനെ കണ്ടിട്ടുണ്ടാവും, ആ ഞണ്ടിനെ സ്വന്തമാക്കാന്‍ വേണ്ടിയായിരിക്കും പതിയെപ്പതിയെ നിറം മാറിയത്. കണ്ടില്ലേ ഇരപിടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ കടലിന്റെ മുകള്‍ ഭാഗത്തേക്ക് വന്നത്. ആരും അവളെ കാണാതിരിക്കാന്‍ വേണ്ടിയാണത്. അവളുടെ സ്വപ്‌നം എത്ര മനോഹരമാണെന്നു നോക്കൂ, എന്ത് സുന്ദരമായാണ് അവള്‍ക്ക് നിറം മാറ്റം സംഭവിച്ചത്’.
ഡോ.ഡേവിഡ് ഷീലിന്റെ ഊഹം ശരിവക്കുകയാണ് മറ്റ് ശാസ്ത്രജ്ഞരും. ഒക്ടോബര്‍ രണ്ടിന് പി.ബി.എസ് പുറത്തിറക്കാനിരിക്കുന്ന ഡോക്യുമെന്ററിയില്‍ സ്വപ്‌നം കണ്ട് നിറം മാറുന്ന നീരാളിതന്നെയായിരിക്കും പ്രധാനകഥാപാത്രമെന്നാണ് ട്വിറ്ററില്‍ പലരും പറയുന്നത്.
എല്ലുകളിലില്ലാത്ത ശരീരമാണ് നീരാളികള്‍ക്കുള്ളത്. അവയുടെ ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെ. കൂടാതെ ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്ത് കൂടി ഞെരുങ്ങിക്കയറാവനും നീരാളിക്കു കഴിയും. എട്ടു കൈകളുള്ള ഇവക്ക് ഒരു കൈ നഷ്ടപ്പെട്ടാലും ആ സ്ഥാനത്ത് പുതിയ ഒന്ന് വളര്‍ന്നുവരും.
കൈകള്‍ ഉപയോഗിച്ചാണ് നീരാളികള്‍ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും. മാത്രവുമല്ല മൂന്ന് ഹൃദയങ്ങള്‍ ഉള്ള ജീവികൂടിയാണ് നീരാളി. ഇവയുടെ പ്രധാന ഇരകള്‍ ഞണ്ടുകളും നത്തക്കാ കക്കകളുമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചില്‍ താഴെ വലിപ്പമേയുള്ളൂ. ഒരു പെണ്‍നീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെണ്‍നീരാളിക്കാണ്. നീരാളിയുടെ പ്രത്യേകതകള്‍ ഇങ്ങനെ നീണ്ടുകൊണ്ടേയിരിക്കുന്നു…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക