ന്യൂദല്‍ഹി: ഗതാഗത മേഖലയില്‍ ജി.എസ്.ടിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹിരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 9, 10 തിയതികളില്‍ രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
നേരത്തെ ചരക്ക് വാഹന ഉടമകള്‍ ഡീസല്‍ വിലവര്‍ധനയിലും ജി.എസ്.ടിയിലും പ്രതിഷേധിച്ച് പണിമുടക്കിനിറങ്ങുമെന്നറിയിച്ചിരുന്നു. പഴയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 28 ശതമാനം ജി.എസ്.ടി ചുമത്തുന്നത് പ്രായോഗികമല്ലെന്ന് ദക്ഷിണേന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷണ്‍മുഖപ്പ അഭിപ്രായപ്പെട്ടു.
പെട്രോളും ഡീസലും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാകണമെന്നും അതുവഴി ഇന്ധനവിലയില്‍ പത്ത് രൂപയോളം മാറ്റമുണ്ടാകുമെന്നും മണല്‍ ലോറി ഫെഡറേഷന്‍ നേതാവ് എസ്.യുവരാജ് പറഞ്ഞു.
അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കേരളത്തില്‍ ഒക്ടോബര്‍ 13 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.