| Sunday, 3rd December 2017, 2:35 pm

വിഴിഞ്ഞത്ത് മന്ത്രിമാര്‍ക്കെതിരെ കൂകിവിളിച്ച് പ്രതിഷേധം; മെഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചുപോകേണ്ടി വന്നു

എഡിറ്റര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ബാധിച്ച മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ പ്രതിഷേധം. മന്ത്രിമാര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടാണ് വിഴിഞ്ഞത്ത് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പള്ളിമുറ്റത്ത് വെച്ച് തിരികെ പോകേണ്ടി വന്നു. ബിഷപ്പിനൊപ്പം പോയതിനാലാണ് കടകംപള്ളിയ്ക്ക് പ്രദേശത്തേക്ക് പോകാനായത്.

മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലായിരുന്നുവെന്നും പ്രതിഷേധിച്ചവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കാണാതായവരുടെ കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിച്ചിരുന്നു.

നാവിക, വ്യോമ സേനകളുടെ നേതൃത്വത്തില്‍ നടത്തുന്ന തിരച്ചിലില്‍ തൃപ്തരാവാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. കടല്‍പരിചയമുള്ള തങ്ങളെ കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇത് കൂട്ടാക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായിരുന്നില്ല. അതേ സമയം രക്ഷാപ്രവര്‍ത്തനത്തനായി 55 ഓളം വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

തെരച്ചിലിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുവരെ 15 പേരാണ് മരണപ്പെട്ടത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍ 0471 2730045, 2730064. തിരുവനന്തപുരം കളക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം.

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ നേരത്തെ സാധിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കണ്ണന്താനം പറഞ്ഞിരുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more