സാധാരണയായി ചുഴലിക്കാറ്റുകള്‍ കടലില്‍ സംഭവിക്കാറുണ്ടെങ്കിലും ഓഖി പോലെ ഒരു ചുഴലിക്കാറ്റ് ദുരന്തമായി മാറിയതിന് കാരണം മനുഷ്യന്‍ കടലിനോടും പ്രകൃതിയോടും ചെയ്ത ക്രൂരതകളാണെന്നാണ് എന്‍.ജി.ഒ സംഘമായ ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫിന്റെ റിസേര്‍ച്ച് കോര്‍ഡിനേറ്ററായ ഡോക്ടര്‍ ജോണ്‍സണ്‍ പറയുന്നത്. റിക്ടര്‍ സ്‌കെയിലില്‍ തോത് കുറഞ്ഞ ഭൂകമ്പങ്ങള്‍ നടക്കുന്ന പോലെ കടലില്‍ ചുഴലി സംഭവിക്കാറുണ്ടെങ്കിലും കേരളാ തീരത്ത് അറബിക്കടലില്‍ ഇത്തരത്തില്‍ ദുരന്തം വിതച്ച ചുഴലിക്കാറ്റ് ആദ്യമായാണെന്നും അദ്ദേഹം പറയുന്നു.
ഈസ്റ്റ് കോസ്റ്റ് മേഖലയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകള്‍ അടിക്കാറുണ്ട്. അത് ഒറീസ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇടക്കിടെ നാശങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ നമ്മള്‍ ഇപ്പോള്‍ പഠിക്കുന്നത് അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ഇത്തരത്തില്‍ ഒരു സാധ്യത എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചാണ്. ഡോക്ടര്‍ പറയുന്നു.
വാം ഓഷന്‍ എന്ന് പറയുന്ന കടലിലെ ചൂട് കൂടുന്ന അവസ്ഥയാണ് ഓഖി ദുരന്തമായി മാറാന്‍ കാരണം. കടലില്‍ ചുഴലി ഉണ്ടാകുന്നതിനും അതിന്റെ വ്യാപ്തി കൂടുന്നതിനും കാരണം ഇത്തരത്തില്‍ കടല്‍ ചൂടു കൂടി ചുഴലിക്ക് പറ്റിയ ഫേവറബിള്‍ കണ്ടീഷന്‍ ആയതിനാലാണെന്നും അദ്ദേഹം പറയുന്നു.
കാറ്റും മര്‍ദ്ദവും താപവും എല്ലാം കൂടിച്ചേരുമ്പോഴാണ് ചുഴലി ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഫേവറബിള്‍ കണ്ടീഷന്‍ ഉണ്ടാകുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ഈ വ്യതിയാനത്തിന് കാരണം മനുഷ്യന്റെ പ്രകൃതിയിലുള്ള അശാസ്ത്രീയമായതും ചൂഷണം നിറഞ്ഞതുമായ ഇടപെടലുകളാണെന്നും ഡോക്ടര്‍ പറയുന്നു.
പുറം തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെ സന്തുലിതമായി നിലനിര്‍ത്തുന്നതിനാവശ്യമായ ജൈവ സമ്പത്ത് ക്രമാതീതമായി കുറയുകയുമാണ് ചെയ്യുന്നത്. ” 10 വര്‍ഷം മുന്നെയുള്ളതിനെക്കാള്‍ വാഹനങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള മരങ്ങള്‍ ഇല്ലാതായി. ജലത്തിന്റെ ഉറവിടങ്ങള്‍ ഇല്ലാതായി. ഇങ്ങനെ കാലാവസ്ഥാ വ്യതിയാനമുണ്ടായി.
കരയും കടലും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. കരയെക്കാള്‍ കൂടുതലായി കാര്‍ബണ്‍ ആഗിരണം നടക്കുകയും ഓക്സിജന്‍ ഉത്പാദനം നടക്കുന്നതും കടലിലെ സസ്യജീവജാലങ്ങള്‍ വഴിയാണ്. നദികള്‍ വഴി ഫാക്ടറി മാലിന്യങ്ങളും തീരത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിയ തോതില്‍ കടലില്‍ എത്തപ്പെട്ടു. ഇത് കടല്‍ വെള്ളത്തിന്റെ പി.എച്ച് വാല്യൂ ക്രമാതീതമായി കൂടുന്നതിനും ഇടയാക്കി. അങ്ങനെ തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കടലിന്റെ അടിത്തട്ടിലെ ജീവജാലങ്ങള്‍ നശിക്കുകയും പ്ലവങ്ങള്‍ ഇല്ലാതാകുകയും ചെയ്തു.
അങ്ങനെ കടലിലെ ചൂട് വര്‍ധിച്ചതെന്നും ചുഴലിക്ക് അനുയോജ്യമായ സ്ഥിതി ഉണ്ടായെന്നും ഡോക്ടര്‍ ജോണ്‍സണ്‍ വ്യക്തമാക്കുന്നു. കടല്‍ സസ്യങ്ങള്‍ക്ക് കരയിലെ സസ്യങ്ങളെക്കാള്‍ പ്രകൃതിയെ സന്തുലിതമായി നിറുത്തുന്നതില്‍ പ്രാധാന്യം കൂടുതലാണെന്ന് പറയുന്നത് വെറുതെയല്ല. കടല്‍ സസ്യങ്ങള്‍ പുറത്ത് വിടുന്ന ഓക്സിജന്റെ അളവ് കരയിലെ സസ്യങ്ങളെക്കാള്‍ 30% കൂടുതലാണ്.
ഓഖി ചുഴലിക്കാറ്റിന് മറ്റൊരു കാരണമായി കരുതുന്നത് തമിഴ്നാട് കേരള അതിര്‍ത്തിയില്‍ വേണാട് മുതല്‍ സംരക്ഷണ മതില്‍ പോലെ നിലനിന്നിരുന്ന മല നിരകള്‍ കല്ലെടുത്തും മണ്ണെടുത്തും മരം വെട്ടിയും നശിപ്പിച്ചതാണ്. ഇന്ത്യക്ക് ഹിമാലയം എത്രത്തോളം പ്രാധാന്യമുള്ളതാണൊ അത്രത്തോളം പ്രാധാന്യമുള്ളതായിരുന്നു ഈ മല നിരകള്‍. തിരുവിതാംകൂറിനെ ശത്രുക്കളില്‍നിന്നും പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും സംരക്ഷിച്ച പാരമ്പര്യം അതിനുണ്ട്. ഇതെല്ലാം അവസാനമായി ബാധിക്കുന്നത് കടലിനെയാണ്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നും ഡോക്ടര്‍ പറയുന്നു.
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് തകര്‍ന്ന ബോട്ടുകള്‍ മിക്കവയും കണ്ടെത്തിയത് 40-60 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നുമാണ്. എന്നാല്‍ കേരളത്തിന്റെ സമുദ്ര അതിര്‍ത്തി വെറും 12 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പുവരെ ഈ പരിധിയില്‍ നിന്നും തൊഴികാളികള്‍ക്ക് ആവശ്യമായ മത്സ്യം കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് മത്സ്യത്തെ തേടി ആഴക്കടലേക്ക് കുറേ ദൂരം പോകേണ്ടി വരുന്നുണ്ട്. ഇതിന് കാരണവും മനുഷ്യന്റെ കടന്നു കയറ്റമാണെനാണ് ഡോക്ടര്‍ പറയുന്നത്.
കടലിലെ തീരത്തോട് അടുത്തുള്ള ഭാഗങ്ങളില്‍ ചൂട് കൂടുന്നതിനന്നുസരിച്ച് മത്സ്യങ്ങള്‍ അവയ്ക്ക് യോഗ്യമായ സ്ഥലങ്ങളിലേക്ക് നീങ്ങും. അങ്ങനെ തീരത്തോട് അടുത്തുള്ള സ്ഥലത്ത് നിന്നും ആഴങ്ങളിലേക്ക് പോകുന്നു. തൊഴിലാളികളും മത്സ്യത്തെ പിടിക്കാന്‍ അതുപോലെ ഉള്ളിലേക്ക് പോകുന്നു. ഓഖി ചുഴലിക്കാറ്റ് പ്രധാനമായും ഉണ്ടായത് 30-40 നോട്ടിക്കല്‍ മൈലിനകത്താണ്. മത്സ്യം തേടി തൊഴിലാളികള്‍ ഇത്രയും ദൂരത്തേക്ക് പോയതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തിയും കൂടിയെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ കടല്‍ അതിര്‍ത്തി 200 നോട്ടിക്കല്‍ മൈല്‍ ദൂരമാണ്. അതിനപ്പുറം അന്താരാഷ്ട്ര അതിര്‍ത്തിയാണ്. 600 നോട്ടിക്കല്‍ മൈലില്‍ നിന്നു വരെ മത്സ്യ തൊഴിലാളികളെ കണ്ടു കിട്ടുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം പറയുന്നു. കടലിന്റെ അടിത്തട്ട് കോരിയുള്ള ബോട്ടം ട്രോളിംഗും ഇത്തരത്തില്‍ മത്സ്യം തീര പരിധിയില്‍ നിന്നും വിട്ടുപോകാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പുലിമുട്ടുകളുടെ നിര്‍മാണവും കടലിനെ അതിന്റെ സ്വാഭാവികതയില്‍ നിന്നും ഇല്ലാതാക്കുന്നതിന് കാരണമായിട്ടുണ്ട്. ഒരു ഭാഗത്ത് പുലിമുട്ടുകള്‍ നിര്‍മിക്കുന്നതോടെ അവയോട് ബന്ധപ്പെട്ട് കിടക്കുന്ന അടുത്ത പ്രദേശങ്ങളില്‍ കടല്‍ തീരങ്ങള്‍ ഇല്ലാതായി. കര കടലെടുക്കുന്ന അവസ്ഥ ഉണ്ടായി. ബീച്ച് സൈഡുകള്‍ ഇല്ലാതായി. തുടര്‍ന്ന് കര സംരക്ഷിക്കുന്നതിന് കടല്‍ ഭിത്തികള്‍ നിര്‍മ്മിച്ചു. തീരങ്ങളാണ് കടലിന് വേണ്ട പ്രോട്ടീന് നല്‍കുന്നത്. ആ ബന്ധം നശിപ്പിക്കപ്പെട്ടതോടെ തീരത്തോട് അടുത്ത് കിടക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരുന്ന പായലുകളും പുറ്റുകളും ഇല്ലാതായി. ഇതോടെ ഇതിനെ ആശ്രയിച്ച് നിന്നിരുന്ന മത്സ്യങ്ങളും സ്ഥലം വിട്ട് പോയി.
ഓഖി ഇത്രയും വലിയ ദുരന്തമാക്കി മാറ്റിയത് മനുഷ്യന്റെ പ്രകൃതിയിലുള്ള അശാസ്ത്രീയമായ ഇടപെടെലുകളാണെന്ന് ഡോക്ടര്‍ ജോണ്‍സണ്‍ ഉറപ്പിച്ച് പറയുന്നു. ഡ്രെഡ്ജിംഗ് മൂലം വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലും കടലിനം കടല്‍ ജീവികള്‍ക്കും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ നിരീക്ഷണത്തിലൂടെ അത് വ്യക്തമായിട്ടുള്ളതാണെന്നും റിസേര്‍ച്ച് കോഡിനേറ്ററായ ഡോക്ടര്‍ പറയുന്നു.
വിഴിഞ്ഞം ഹാര്‍ബര്‍ പണിയുന്നതിന് വേണ്ടി കടല്‍ തുരന്ന് ഡ്രഡ്ജിംഗ് നടത്തിയതിന്റെ ഭാഗമായി 30 ഇനം കടല്‍ ജീവികള്‍ തീരത്ത് നിന്നും കാണാതായെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. ഡ്രഡ്ജിംഗ് തുടങ്ങി ഏഴ് ദിവസത്തിനു ശേഷം നടത്തിയ അണ്ടര്‍ വാട്ടര്‍ ഷൂട്ടിലൂടെയാണ് ഫ്രണ്ട്സ് ഓഫ് മറൈന് ലൈഫ് ടീം ഇത് കണ്ടെത്തിയത്. 2015 ലായിരുന്നു ഇത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിപ്പുറം അതിന്റെ നാശവും ഊഹിക്കാവുന്നതാണ്.
ചലിച്ചു കൊണ്ടിരിക്കുന്ന ഇത്തരം സസ്യങ്ങളിലാണ് മത്സ്യങ്ങള്‍ വന്ന് മുട്ടയിടുകയും പ്രജനനം നടത്തുകയും ചെയ്യുക. കൂടാതെ നല്ല സൂര്യപ്രകാശവും ഓക്സിജനും ലഭ്യമായിരുന്നു. എന്നാല്‍ ഈ അനുകൂല സാഹജര്യത്തെ ഡ്രഡ്ജിംഗ് ഇല്ലാതാക്കുകയും തകര്‍ക്കുകയും ചെയ്തു. കടലിനടിത്തട്ടിലെ ഒരു കിലോമീറ്ററോളം ദൂരത്തെ ജൈവിക കോളനിയെ ഡ്രഡ്ജിംഗ് ഇല്ലാതാക്കിയെന്നും അന്ന് നടത്തിയ നിരീക്ഷണത്തില്‍ ഈ ടീംകണ്ടെത്തിയിരുന്നു. ഇതും മത്സ്യസമ്പത്ത് തീരം വിട്ട് പോകാന്‍ കാരണമാവുകയും മത്സ്യ തൊഴിലാളികള്‍ക്ക് ആഴക്കടലിലേക്ക് ഇറങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.
മത്സ്യ തൊഴിലാളികളുടെ അനുഭവത്തില്‍നിന്ന് കടലിനു സംഭവിച്ച മാറ്റത്തിനെ കുറിച്ച് അറിയിച്ചിട്ടും അതിനെ ശാസ്ത്രീയമായി പഠിക്കേണ്ട അധികാരികള്‍ വരുത്തിയ വീഴ്ചയും ഓഖി ദുരന്തത്തിന്റെ വ്യാപതി വര്‍ധിപ്പിച്ചെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. കടലിനെ നല്ലപോലെ അറിയുന്നവര്‍ക്ക് മാത്രമേ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ കഴിയൂ. കടലില്‍ നടക്കുന്നത് ഒരു ഡൈനാമിക്ക് പ്രോസസ്സ് ആണ്. അതിന്റെ ശാസ്ത്രവശങ്ങളെ കുറിച്ച് നല്ലരീതിയില്‍ അറിവ് വേണം. വര്‍ഷങ്ങളായി മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് കടലിന്റെ മാറ്റങ്ങളെ വേഗത്തില്‍ മനസ്സിലാക്കന് കഴിയുമെന്നും ഡോക്ടര്‍ പറയുന്നു.
മത്സ്യ തൊഴിലാളികള്‍ക്ക് തദ്ദേശീയമായി കിട്ടുന്ന അറിവുകളെ പരിഗണിക്കാന്‍ ശാസ്ത്ര ലോകം തയ്യാറായിട്ടില്ല. ഓഖിക്ക് മുന്നെ തന്നെ കടലിന് ചൂടുകൂടുന്നത് അറിയിച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുത്തതുമില്ല. അതിനാല്‍ തന്നെ ഓഖി ദുരന്തം ഉണ്ടായ സമയത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കഴിയാഞ്ഞതെന്നും ദുരന്തത്തിന്റെ വ്യാപ്തി കൂടിയതെന്നും അദ്ദേഹം പറയുന്നു.
എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്നും ഒരോന്നിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഒന്ന് മറ്റൊന്നിനെ ബാധിക്കുകയും ചെയ്യുമെന്നും റിസര്‍ച്ചറായ ഡോക്ടര്‍ അഭിലാഷും പറയുന്നു. അറബിക്കടലിനേയും ബംഗാള്‍ ഉള്‍ക്കടലിനേയും എടുത്ത് നോക്കിയാല്‍ ഉണ്ടാകുന്ന ചുഴലികളില്‍ 5ല്‍ നാലും സംഭവിക്കാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ആണ്. അറബിക്കടലില്‍ ഉണ്ടാകുന്ന ഒന്ന് വിനാശകാരി അല്ലതാനും. കേരളാ തീരത്ത് കൂടി മുന്നേയും കാറ്റുകള്‍ കടന്ന് പോയിട്ടുണ്ട്. പക്ഷേ അതെല്ലാം കേരള പരിധിയില്‍ നിന്നും വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് എത്തുമ്പോഴെല്ലാമാണ് ചുഴലിയായി രൂപപ്പെട്ടിരുന്നത്.
ഓഖിയുടെ തീവ്രത കൂടാന്‍ കാരണമായത് ഈ പ്രദേശത്ത് കടലില്‍ ചൂട് കൂടിയതിനാലാണെന്ന് ഇദ്ദേഹവും പറയുന്നു. അറ്റ്ലാന്റിക് പസഫിക് സമുദ്രങ്ങളെ എടുത്ത് പരിശോധിച്ചാല്‍ അവയുടെ നോര്‍ത്ത് പോളില്‍ തണുത്തുറഞ്ഞ് കിടക്കുന്ന പ്രദേശങ്ങള്‍ ആയതിനാല്‍ അവിടെയുണ്ടാകുന്ന ചൂടിനെ ഒരു പരിധി വരെ അവ കുറക്കുന്നു. എന്നാല്‍ നമ്മുടെ പ്രദേശം അടഞ്ഞ് കിടക്കുന്ന ഒന്നാണ്. അതിന് ഇത്തരത്തില്‍ ചൂടിനെ പുറത്ത് വിടുന്നതിനുള്ള സംവിധാനം ഇല്ല. ഇവിടെ ഉണ്ടാകുന്ന ചൂട് ഇവിടെ തന്നെ തങ്ങി നില്‍ക്കുകയും മറ്റു കടലുകളെ അപേക്ഷിച്ച് കേരളാ തീരത്തെ കടലിലെ ചൂട് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. കഴിഞ്ഞ് നാല്‍ പതിറ്റാണ്ടുകള്‍ എടുത്ത് നോക്കിയാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റ് കടലുകളെ അപേക്ഷിച്ച് 0.5 ഡിഗ്രിയോളം ചൂട് കൂടുകയാണെന്നും ഡോക്ടര്‍ അഭിലാഷ് പറയുന്നു.
അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന കാര്‍ബണിനെ 90 ശതമാനവും ആഗിരണം ചെയ്യുന്നത് കടലുകളാണ്. കരയിലെ അമിത കീടനാശിനി പ്രയോഗവും കടലിനെ ബാധിക്കുന്നുണ്ട്. അമിതമായി കീടനാശിനി ഉപയോഗത്തിന്റെ ഫലമായി നൈട്രജനും ഫോസ്ഫേറ്റും കടലിലേക്ക് നേരിട്ടെത്തുന്നു. സാധാരണയായി കടലിലെ സസ്യങ്ങള്‍ക്കും മറ്റും വളരാന്‍ ആവശ്യമായ് ന്യൂട്രിയന്‍സ് കടലിനടിത്തട്ടില്‍ നിന്നും കിട്ടുന്നുണ്ട്. ഇത്തരത്തില്‍ കരയില്‍ നിന്നെത്തുന്ന കീടനാശിനികള്‍ കടല്‍ സസ്യങ്ങള്‍ക്ക് ഹാനികരമായി തീരുന്നു. അതിനാല്‍ തന്നെ തീരത്തോട് അടുത്ത് കിടക്കുന്ന കടലില്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ ലഭ്യമാകാതെ വരികയും ചെയ്യുന്നു.
കടലില്‍ ചൂട് കൂടുന്നതിന്റെ പരിണിത ഫലമായി കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ രാസ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും കാര്‍ബോണിക് ആസിഡായി മാറുകയും ചെയ്യും. കൂടാതെ സള്‍ഫേറ്റും മീഥൈനും പുറത്ത് വിടും. ഇത് മാനവരാശിയെ മറ്റു തരത്തില്‍ ബാധിക്കുകയും ചെയ്യും. അമിതമായ മത്സ്യ ബന്ധനവും ഒരു കാരണമയിട്ടുണ്ട് കടലിന്റെ സ്വാഭാവികത നശിപ്പിക്കുന്നതില്‍ എന്നും അദ്ദേഹം പറയുന്നു.
പുതിയ പഠനങ്ങള്‍ അനുസരിച്ച് ഭാവിയില്‍ അറബിക്കടലില്‍ ഇത്തരത്തിലുള്ള ചുഴലികള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അവ ഉള്‍ക്കടലില്‍ സംഭവിച്ചാല്‍ പോലും ഡിസ്റ്റന്റ് വാട്ടര്‍ ഫിഷിംഗ് കമ്മ്യൂണിറ്റിയെ അത് ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
ഗുജറാത്ത് ഒമാന്‍ ഡീഗോ ഗാര്‍ഷ്യ എന്നിവിടങ്ങളിലെല്ലാം 15-30 ദിവസത്തേക്ക് പോയി മീന്‍ പിടിക്കുന്ന ഡിസ്റ്റന്റ് വാട്ടര്‍ ഫിഷിംഗ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സാറ്റലൈറ്റ് സഹായത്തോടെ ഉണ്ടാക്കേണ്ടി വരുമെന്നും ഡോക്ടര്‍ അഭിലാഷ് കൂട്ടിച്ചേര്‍ക്കുന്നു.
മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലുകളൊ കൂടുതല്‍ പേര്‍ കടലില്‍ പോകുന്നതോ അല്ല ഇത്തരത്തില്‍ ചുഴലിക്കാറ്റ് ഉണ്ടാകിയതും ദുരന്തത്തിനും കാരണമായതും. പക്ഷേ മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനിടക്ക് പ്രകൃതിയില്‍ ഏല്‍പിക്കുന്ന ക്ഷതങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഇത്തരത്തില്‍ സംഭവിക്കുന്നു എന്നും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഏത് ഏതിനെയാണ് ബാധിക്കുക എന്നത് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല എന്നും ഡോക്ടര്‍ അഭിലാഷ് പറയുന്നു.
2017നവംബര്‍ 30നാണ് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓഖി ചുഴക്കിക്കാറ്റ് നാശംവിതച്ചത്. ദുരന്തമുണ്ടായി രണ്ടുമാസമാകുമ്പോഴും മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് ലഭ്യമല്ല. 50 മത്സ്യത്തൊഴിലാളികളാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണപ്പെട്ടതെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. 104 പേരെ കാണാതായെന്നുമാണ് അദ്ദേഹം അറിയിച്ചത്.