ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല
Kerala News
ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 4:43 pm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് വിവിധയിടങ്ങളിലായി വരുന്ന സഹായങ്ങള്‍ സമാഹരിക്കാന്‍ പുതിയ അക്കൗണ്ട തുടങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്ക് പുറമെ മറ്റൊരു അക്കൗണ്ട് തുടങ്ങണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

“ഓഖി ദുരന്തത്തില്‍ അകപ്പെട്ടവരെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 104.24 കോടി രൂപയാണ് ഒഴുകി എത്തിയത്. എന്നാല്‍ ചെലവഴിച്ചത് കേവലം 25 കോടി രൂപ മാത്രമാണ്.”

ബാക്കി തുക വകമാറ്റി ചെലവഴിച്ചുവോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനസഹായം അര്‍ഹര്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ട്രിബ്യൂണലിന് രൂപം നല്‍കണം. ആറുമാസത്തിനകം പ്രളയക്കെടുതി നേരിടുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ: മണ്ണെണ്ണയ്ക്കും പണം നല്‍കണം: കേരളത്തിന് സൗജന്യമായി നല്‍കില്ലെന്ന് കേന്ദ്രം

നിലവില്‍ മുഖ്യമന്ത്രി എല്ലാ ദിവസവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് വാര്‍ത്താസമ്മേളനം നടത്തുന്നതല്ലാതെ, ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അടിയന്തരമായി ജനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം 10000 രൂപയില്‍ നിന്നും 25000 രൂപയായി ഉയര്‍ത്തണമെന്നും യു.ഡി.എഫ് യോഗ തീരുമാനം വിശദീകരിച്ച് ചെന്നിത്തല പറഞ്ഞു.

“കേരളത്തില്‍ സംഭവിച്ചത് ഒരു ഡാം ദുരന്തമാണ്. ഒരേ സമയം നിരവധി ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ തുറന്നുവിട്ടതാണ് ഇതിന് കാരണം.

ഇതിന്റെ നിജസ്ഥിതി അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.

WATCH THIS VIDEO: