തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം മറ്റൊരു മൃതദേഹം തിരിച്ചറിഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരം അടിമലത്തുറ സ്വദേശി സേസിലന്റിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
ഓഖി ദുരന്തത്തില്‍ അകപ്പെട്ട 90-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ദുരന്തത്തില്‍ അകപ്പെട്ട 397 പേരെ കണ്ടെത്താനുണ്ടെന്ന അനൗദ്യോഗിക കണക്കുകളുമുണ്ട്. വലിയ ബോട്ടുകളില്‍ പോയ 301 പേരും ചെറിയ വള്ളങ്ങളില്‍ പോയ 96 പേരെയുമാണ് കണ്ടെത്താനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ജില്ലയില്‍ നിന്ന് പോയവരാണ് ചെറിയ വള്ളങ്ങളിലുള്ളത്. വലിയ ബോട്ടുകളില്‍ പോയ പകുതിയിലധികം പേരും ഗുജറാത്ത്, കര്‍ണ്ണാടകം, മഹാരാഷ്ട്ര, ഗോവ തീരങ്ങളിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്ധനവും ഭക്ഷണവും തീര്‍ന്ന നിലയിലായിരുന്നുഇവര്‍.
ഇതിനിടെ നാല് ദിവസത്തെ തിരച്ചിലിന് ശേഷം ആരേയും കണ്ടെത്താനാകാതെ ഐ.എന്‍.എസ് കല്‍പേനി കൊച്ചിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നതായും റിപ്പോര്ട്ടുകളുണ്ട്. നേവിയുടെ കപ്പലില്‍ 39 മൃതദേഹങ്ങളാണ് കൊണ്ടുവരുന്നത്. കൊല്ലത്തോ, തിരുവനന്തപുരത്തോ കൊണ്ടുവരുമെന്നാണ് വിവരം.