തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ക്രിസ്മസിനു മുമ്പ് നല്‍കും. രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ട്രഷറി വഴിയാണ് പണം ആശ്രിതര്‍ക്ക് എത്തിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച ശേഷം അവരുടെ പേരില്‍ ട്രഷറി അക്കൗണ്ട് എടുത്തിട്ടുണ്ട്. 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്.
ദുരന്തത്തെ തുടര്‍ന്ന് ഇനിയും തിരിച്ചെത്താത്തവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിനായി രണ്ടു ദിവസത്തിനുള്ളില്‍ ഉത്തരവിറങ്ങുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ നിയമഭേദഗതി വരുത്തുകയായിരുന്നു.
നിയമ പ്രകാരം കാണാതായവരുടെ ബന്ധുക്കള്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു. പരിക്കുപറ്റിയവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 20,000 രൂപ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
ട്രഷറി അക്കൗണ്ട് വഴി തന്നെയാണ് ആ തുകയും നല്‍കുന്നത്. നെയ്യാറ്റിന്‍കര താലൂക്കില്‍ 9 പേര്‍ക്കും തിരുവനന്തപുരം താലൂക്കില്‍ 24 പേര്‍ക്കും തുക നല്‍കിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ നല്‍കിയ 5,000 രൂപ കഴിച്ച് ബാക്കി 15,000 രൂപയാണ് നല്‍കുന്നത്.