കോളേജ് പ്രണയം, വിവാഹാപൂര്‍വ പ്രണയം, വിവാഹേതര പ്രണയം എന്നിങ്ങനെ മൂന്ന് തരം പ്രണയങ്ങളാണ് പ്രണയ വിലാസം കൈകാര്യം ചെയ്യുന്നത്. ഇതില്‍ ചിത്രം വളരെ സീരിയസായി ചര്‍ച്ച ചെയ്യുന്നത് വിവാഹേതര പ്രണയമാണ്. പുരുഷന്റെയും സ്ത്രീയുടെയും വിവാഹേതര ബന്ധങ്ങള്‍ ചിത്രം കാണിക്കുന്നുണ്ട്. സ്ത്രീയുടേത് ഒറ്റ വാചകത്തില്‍ പറഞ്ഞുപോവുകയാണെങ്കില്‍ പുരുഷന്റേത് വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് മകന്‍ കോളേജില്‍ പഠിക്കുന്ന പ്രായമെത്തുമ്പോഴാണ് രാജീവ് പഴയ കാമുകിയെ കണ്ടുമുട്ടുന്നത്. അതോടെ രാജീവ് മകനെക്കാള്‍ ചെറുപ്പമാവുന്നു. കരിമ്പനടിച്ച ഷര്‍ട്ട് ഡിസൈനാണെന്ന് പറഞ്ഞ് വീണ്ടും ധരിച്ചിരുന്ന അയാള്‍ ഡെനിം ഷര്‍ട്ടുകള്‍ ഇടാന്‍ തുടങ്ങുന്നു, പാട്ട് പാടി നടക്കുന്നു, രാത്രി കാമുകിക്ക് ഡ്യൂട്ടിയുള്ള കോളേജില്‍ അവരെ കാണാന്‍ പോകുന്നു, അവര്‍ക്കൊപ്പം സിഗരറ്റ് വലിക്കുന്നു. ആ സമയം അയാളില്‍ ഒരു പ്രത്യേക തരം എനര്‍ജിയാണ് കാണുന്നത്.
അതേസമയം വീട്ടില്‍ ഏകാകിയായിരിക്കുന്ന ഭാര്യയെ അയാള്‍ അവഗണിക്കുന്നു. അയാള്‍ക്കും മകനും വെച്ചുവിളമ്പി, അവരുടെ തുണികള്‍ തിരുമ്പി പരിഗണനയോ സ്‌നേഹമോ ലഭിക്കാതെ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ ജീവിക്കുന്ന പാറ്റേണില്‍ അവര്‍ മുമ്പോട്ട് പോകുന്നു. മുന്‍കാമുകി വിളിക്കുമ്പോള്‍ കൊഞ്ചി കുഴയുന്ന രാജീവ് ഭാര്യ സിനിമക്ക് പോകാനുള്ള ആഗ്രഹം പറയുമ്പോള്‍ മറുപടി പോലും പറയുന്നില്ല. അന്നേ ദിവസം മുന്‍ കാമുകിക്കൊപ്പം അയാള്‍ സ്‌പൈഡര്‍മാന്‍ സിനിമ കാണാന്‍ പോകുന്നു. രാജീവ് അവസാനം കണ്ട ഇംഗ്ലീഷ് പടം അനാക്കൊണ്ടയാണെന്ന് ഓര്‍ക്കണം.
ഇങ്ങനെ പ്രണയാതുരമായി ജീവിതം മുമ്പോട്ട് പോകവേയാണ് അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് അയാള്‍ ഭാര്യയുടെ പ്രണയത്തെ പറ്റി അറിയുന്നത്. അതോടെ രാജീവിന്റെ സമനില തെറ്റുകയാണ്. കള്ള് കുടിച്ച് സ്വബോധം നഷ്ടപ്പെട്ട രാജീവന്‍ ഭാര്യ താന്‍ വിചാരിച്ച ആളല്ലെന്ന് പുലമ്പുന്നു.
തന്റേത് പരിശുദ്ധമായ ഡീപ്പ് ലവ്വായി കാണുമ്പോള്‍ ഭാര്യയുടേത് പാപവും കളങ്കവുമായി അയാള്‍ക്ക് തോന്നുന്നു. സ്‌നേഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യയെന്നാല്‍ തന്റെ പേഴ്‌സണല്‍ പ്രോപ്പര്‍ട്ടി ആണെന്ന ആണ്‍ബോധവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മകന്‍ കുറച്ച് ഓപ്പണ്‍ മൈന്‍ഡാവുന്നു. അമ്മയുടെ പ്രണയം അറിയുമ്പോള്‍ അവന്‍ അച്ഛനെ പോലെ ഇമോഷണലായി നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുന്നില്ല. പകരം അതിലൂടെ താനിതുവരെ കാണാത്ത അമ്മയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണ്. സ്ത്രീയുടെ വിവാഹേതര ബന്ധത്തെ കുറിച്ച് അറിയുമ്പോള്‍ സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പാണ് സിനിമയില്‍ രാജീവിലൂടെ പ്രതിഫലിക്കുന്നത്.