തിരുവനന്തപുരം: ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. മുംബൈയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യപരിശോധനയിലാണ് തെളിഞ്ഞത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന നടന്നത്.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് സ്കൂള്‍ രേഖയില്‍ നിന്നും വ്യക്തമായിരുന്നു. 17-9-2001 നാണ് രേഖയിലെ ജനനതിയതി. രേഖയുടെ ആധികാരിതക പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ലഭിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പ്രായം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി തെറ്റായ വിവരമാണ് രക്ഷിതാക്കള്‍ നല്‍കിയതെന്ന് റോഷന്റെ കുടുംബം ആരോപിച്ചു.
ഇക്കഴിഞ്ഞ പതിനൊന്നാം തിയതി കാറിലെത്തിയ നാലംഘ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ റോഷനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. റോഷനേയും പെണ്‍കുട്ടിയേയും മുംബൈയില്‍ പനവേലിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും ഏറെ നാളായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും റോഷന് പറഞ്ഞിരുന്നു.