| Tuesday, 25th January 2022, 5:15 pm

ഓച്ചിറ സി.ഐ കുറ്റ്യാടിയില്‍ പള്ളി ജീവനക്കാരനെ തല്ലിയെന്ന ആരോപണം നേരിട്ടയാള്‍; സംയുക്ത മഹല്ല് കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തനിക്കും മാതാവിനും കേരളാ പൊലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതായി ആരോപിച്ചുള്ള
യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും ഓച്ചിറ സി.ഐ വിനോദില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്. ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവത്തില്‍ ആരോപണം നേരിട്ട ഓച്ചിറ സി.ഐ. വിനോദ് മുമ്പ് കുറ്റ്യാടിയില്‍ പള്ളി ജീവനക്കാരന്‍ അടക്കമുള്ളവരെ മര്‍ദിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2020-ലെ ബലിപെരുന്നാള്‍ ദിവസം, വിശ്വാസികള്‍ നമസ്‌കാരത്തിന് എത്താതെ ലോക്ക്ഡൗണ്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പള്ളിയിലെത്തിയ ഭാരവാഹികളെ സി.ഐ വിനോദ് പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ പള്ളി ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ പകര്‍പ്പടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

No photo description available.

No photo description available.

ഈ സമയത്ത് അതുവഴി വന്ന സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗെയ്റ്റില്‍ വാഹനം നിര്‍ത്തി കേട്ടാലറക്കുന്ന അസഭ്യവര്‍ഷത്തോടെ പള്ളി പരിസരത്തുണ്ടായിരുന്ന മുക്രി സുലൈമാന്‍ മുസ്‌ലിയാരെയും മുതവല്ലി ഷരീഫിനെയും ക്രൂരമായി മര്‍ദിച്ചെന്നും കുറ്റ്യാടി ഏരിയ മഹല്ല് ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.

സി.പി.ഐ.എം പ്രാദേശിക നേതാവ് കൂടിയായ പള്ളി മുതവല്ലിയെ തല്ലിയെന്ന പരാതിയെ തുടര്‍ന്ന് സി.ഐ വിനോദിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

അതേസമയം, ചട്ടം ലഘിച്ച യാത്രക്കാരിയുടെ സ്വത്വവാദ പ്രതിരോധം അനവസരത്തിലെ വാള്‍ വീശലായിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വിമര്‍ശിച്ചിരുന്നു.

കുറ്റകൃത്യത്തിന് ഡിഫന്‍സായി സ്വത്വ വസ്ത്രമുപയോഗിച്ച ദൃശ്യങ്ങള്‍ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്. ഏത് വസ്ത്രമിട്ട് നാടിന്റെ ചട്ടം ലംഘിച്ചാലും അത് ലംഘനമാണ് എന്ന് പറയലാണ് മതേതരത്വമെന്നുമാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാനായി ചില നിഗൂഢശക്തികള്‍ സംഘടിതമായ ശ്രമം നടത്തുന്നുണ്ടെന്നായിരുന്നു സംഭവത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞിരുന്നത്. ഇതിനിക്കെ പിന്നാലെയാണ് ഇങ്ങനെയാരു വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

CONTENT HIGHLIGHTS:  Ochira CI Accused of beating Masjid employee in Kuttyadi; The complaint lodged by the Joint Mahal Committee with the Chief Minister is out

We use cookies to give you the best possible experience. Learn more