ഒക്യുപൈ യു.ജി.സി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്
Daily News
ഒക്യുപൈ യു.ജി.സി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2015, 4:33 pm

ugc

ന്യൂദല്‍ഹി:  നോണ്‍ നെറ്റ് റിസര്‍ച്ച് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കാനുള്ള യു.ജി.സിയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാവുന്നു. ദല്‍ഹിയില്‍ യു.ജി.സി ആസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തില്‍ ജെ.എന്‍.യു, ദല്‍ഹി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, ജാമിഅ മില്ലിയ എന്നിവിടങ്ങളില്‍ നിന്നടക്കം നിരവധി ഗവേഷക വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ചൊവ്വാഴ്ച മുതലാണ് യു.ജി.സി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്.

2008 മുതലാണ് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി യു.ജി.സി നോണ്‍ നെറ്റ് ഫെല്ലോഷിപ്പ് അനുവദിച്ചിരുന്നത്. മറ്റ് സ്‌കോളര്‍ഷിര്‍പ്പുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയും പി.എച്ച്.ഡി ഗവേഷകര്‍ക്ക് 8000 രൂപയുമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ പണം അനുവദിക്കുന്നതിന് പകരം ഫെല്ലോഷിപ്പ് നിര്‍ത്തലാക്കാനാണ് യു.ജി.സി തീരുമാനമെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഫെല്ലോഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ദല്‍ഹിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും യു.ജി.സി തീരുമാനത്തിനെതിരെ പ്രക്ഷോഭം നടക്കുന്നുണ്ട്.

യു.ജി.സിയുടെ ഒടുവിലത്തെ യോഗത്തിലാണ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തിരുന്നത്.