കേപ്ടൗണ്‍: ഫലസ്തീനെതിരെ ഇസ്രഈലിന്റെ തുടര്‍ച്ചയായ അധിനിവേശത്തെ തുടര്‍ന്ന് ഇസ്രഈലിലെ സൗത്ത് ആഫ്രിക്കയുടെ എംബസിയെ ഡീഗ്രേഡ് ചെയ്യാനുള്ള കരട് പ്രമേയം അംഗീകരിച്ച് സൗത്ത് ആഫ്രിക്കന്‍ പാര്‍ലമെന്റ്.
രണ്ട് സീറ്റുകള്‍ മാത്രമുള്ള നാഷണല്‍ ഫ്രീഡം പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചപ്പോള്‍ മറ്റെല്ലാ പാര്‍ട്ടികളും അനുകൂലിക്കുകയായിരുന്നു. തങ്ങളെ സ്‌പ്പോര്‍ട്ട് ചെയ്ത എല്ലാ പാര്‍ട്ടികളോടും എന്‍.എഫ്.പി നന്ദി പറഞ്ഞു.
നെല്‍സണ്‍ മണ്ടേല ഉണ്ടായിരുന്നെങ്കില്‍ ഈ തീരുമാനത്തില്‍ അഭിമാനിക്കുമായിരുന്നുവെന്നും ഫലസ്തീനില്‍ സ്വാതന്ത്ര്യം പൂര്‍ണമാകുമ്പോഴേ തങ്ങളും സ്വതന്ത്രരാകുകയുള്ളൂ എന്ന് മണ്ടേല പറഞ്ഞിട്ടുണ്ടെന്നും എന്‍.എഫ്.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനികളെ കുടിയിറക്കല്‍, കൊലപാതകങ്ങള്‍, അധികാരത്തിലെ പിടിവലികള്‍, ഫലസ്തീനികള്‍ക്കെതിരെയുള്ള വര്‍ണവിവേചനം തുടങ്ങിയ വഴികളിലൂടെയാണ് ഇസ്രഈല്‍ രാജ്യം പടുത്തുയര്‍ത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
സൗത്ത് ആഫ്രിക്കയിലെ ജനങ്ങള്‍ എന്ന നിലയില്‍ വര്‍ണവിവേചനം തങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം മാത്രം 69 ഫലസ്തീനികളെയാണ് ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത്. പ്രതിദിനം ഒന്ന് എന്ന നിരക്കിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്.
ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ 2000 മുതലുള്ള ഈ അക്രമണങ്ങളിലെ ഏറ്റവും രൂക്ഷമായ കണക്കുകളാണിത്. എന്നാല്‍ ഇതേകാലയളവില്‍ 13 ഇസ്രഈല്‍ ആളുകള്‍ കൊല്ലപ്പെട്ടു.
അടുത്ത ദിവസങ്ങളിലായി മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത സമുദായങ്ങളുടെ അവധിദിനങ്ങള്‍ വരുന്നതിനാല്‍ മരണ സഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
നേരത്തെ വെസ്റ്റ്ബാങ്കിലെ ഹുവാര നഗരത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന ഇസ്രഈല്‍ ധനകാര്യ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.
content highlight: occupation of Palestine; Parliament decides to downgrade South African embassy in Israel