| Saturday, 1st June 2019, 2:31 pm

രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചത് എസ്പി-ബിഎസ്പി സഖ്യമെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍; 'ബിജെപിക്ക് വോട്ട് മറിച്ചു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഹുല്‍ ഗാന്ധി അമേത്തിയില്‍ തോറ്റതിന് പിന്നിലെ കാരണം എസ്.പി-ബി.എസ.പി സഖ്യമെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മീഷന്റെ പ്രതികരണം.

എസ്.പി-ബിഎസ്.പി സഖ്യം തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചതായി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അന്വേഷണ കമ്മീഷനോട് പറഞ്ഞു. കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുബൈര്‍ ഖാനും കെഎല്‍ ശര്‍മ്മയും ആണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

ഇത് വളരെ എളുപ്പമായ കണക്കാണ്. 2014(4.08 ലക്ഷം) രാഹുല്‍ നേടിയതിനേക്കാള്‍ വോട്ടുകള്‍ 2019( 4.13 ലക്ഷം)ല്‍ നേടി. 2014ല്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി 57,716 വോട്ടുകള്‍ നേടിയിരുന്നു. ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി ജയിക്കുമായിരുന്നു. സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചത് 55,000 വോട്ടുകള്‍ക്കാണെന്ന് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

എസ്.പിയും ബി.എസ്.പിയും രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നില്ലെന്ന് അമേത്തി ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ യോഗേന്ദ്ര മിശ്ര പറഞ്ഞു.

മുന്‍ എസ്.പി മന്ത്രി ഗായത്രി പ്രജാപതിയുടെ മകന്‍ അനില്‍ പ്രജാപതി പരസ്യമായി സ്മൃതി ഇറാനിക്ക് വേണ്ടി രംഗത്തിറങ്ങി. ഗൗരിഗഞ്ജില്‍ നിന്നുള്ള എസ്.പി എംഎല്‍എ രാകേഷ് സിംഗ് അദ്ദേഹത്തിന്റെ ഒപ്പമുള്ള ബ്ലോക്ക് പ്രമുഖ്മാരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും സ്ഥാനം സംരക്ഷിക്കുന്നതിന് വേണ്ടി ബിജെപിയോടൊപ്പം പോയെന്നും യോഗേന്ദ്ര മിശ്ര പറഞ്ഞു.

രണ്ടംഗ കമ്മീഷന്‍ ഗൗരിഗഞ്ജ്, തിലോയ് എന്നിവിടങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വിവരശേഖരണം നടത്തി. അമേത്തി, സലോണ്‍, ജഗ്ദീഷ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി സന്ദര്‍ശനം നടത്തും.

പൂര്‍ണ്ണമായ റിപ്പോര്‍ട്ട് അടുത്ത ആഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കമ്മീഷന്‍ കൈമാറും. 1980ന് ശേഷം ആദ്യമായി അമേത്തിയില്‍ നേരിട്ട പരാജയം കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more