| Tuesday, 28th January 2020, 9:17 pm

23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്; ഷൈലോക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസാകുമെന്ന പ്രചരണം തെറ്റെന്ന് ജോബി ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തിയേറ്ററുകളില്‍ തകര്‍ത്തോടികൊണ്ടിരിക്കുകയാണ് മമ്മൂട്ടി നായകനായ ഷൈലോക്ക്. 2020 ലെ ആദ്യ ബ്ലോക്ക്ബസ്റ്ററാകാന്‍ സിനിമ കുതിക്കുന്നതിനിടെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ ഉടന്‍ റിലീസാകുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ അജയ് വാസുദേവും നിര്‍മ്മാതാവ് ജോബി ജോര്‍ജും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.’സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ആവുന്നുവെന്നത് വ്യാജവാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ മാത്രമാണെന്നും എല്ലാവരും തീയേറ്ററുകളില്‍ നിന്നുതന്നെ സിനിമ ആസ്വദിക്കണമെന്നുമാണ് അജയ് വാസുദേവ് പറഞ്ഞത്.

‘സ്‌നേഹിതരെ വരില്ല എന്ന് ഞാന്‍ പറയില്ല, എന്നാല്‍   23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? അര്‍ക്കുവേണ്ടി? ദൈവമേ ഈ കുഞ്ഞാടിനെ കാത്തോണേ… സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു വാളെടുക്കുന്നവന്‍ വാളാലെ’ എന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ദശാബ്ദത്തിലെ തന്റെ ആദ്യ സിനിമയില്‍ തന്നെ നേട്ടവുമായി കുതിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മുന്‍ ചിത്രങ്ങളായ രാജാധി രാജ, മാസ്റ്റര്‍പീസ് എന്നിവയില്‍ നിന്ന് ഷൈലോക്കില്‍ എത്തുമ്പോള്‍ മാസിന് പുറമേ ആരാധകര്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ ആഘോഷമാക്കാനുള്ള എല്ലാ ഘടകങ്ങളും അജയ് വാസുദേവ് ഒരുക്കിയിട്ടുണ്ട്.

നാലു ദിവസത്തിനുള്ളില്‍ 400 അധിക ഷോകളാണ് ഷൈലോക്കിന് ഉണ്ടായത്. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുഡ്വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോണ്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മമ്മൂട്ടി, രാജ് കിരണ്‍, മീന, കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

DoolNews video

We use cookies to give you the best possible experience. Learn more