| Saturday, 27th May 2023, 12:09 pm

ഇതൊക്കെ കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് തോറ്റത്; കാരണങ്ങള്‍ നിരത്തി ഹെഡ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.പി.എല്‍ സീസണിലെ അവസാന ക്വാളിഫയറില്‍ 62 റണ്‍സിന് ഗുജറാത്തിനോട് തോറ്റ് മുംബൈ ഇന്ത്യന്‍സ് ഇന്നലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് മുംബൈയുടെ തോല്‍വിക്ക് മുഖ്യ കാരണമെന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ കോച്ചും മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ മാര്‍ക്ക് ബൗച്ചര്‍ വിലയിരുത്തുന്നത്.

സ്‌പെഷ്യലിസ്റ്റ് പേസറായ ഒരു താരത്തിന്റെ അഭാവമാണ് ടീമിന്റെ പ്രകടനത്തില്‍ നിഴലിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ജസ്പ്രീത് ബുമ്രയെയും ജോഫ്ര ആര്‍ച്ചറിനെയും പോലുള്ള ക്വാളിറ്റി പേസര്‍മാരുടെ അഭാവം ടീമിലുണ്ടായിരുന്നുവെന്നും ഇത്തരത്തിലുള്ള താരങ്ങളെ നിങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ അവര്‍ സൃഷ്ടിക്കുന്ന വിടവ് വലുതായിരിക്കുമെന്നും ബൗച്ചര്‍ പറഞ്ഞു.

‘ഗുജറാത്തിന് 200ന് മുകളില്‍ റണ്‍സ് വിട്ടുനല്‍കിയത് ബൗളര്‍മാരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. പരിചയസമ്പത്ത് കുറഞ്ഞ താരങ്ങളാണ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത്. എന്നാല്‍ അവരൊട്ടും മോശവുമായിരുന്നില്ല.

ചില മത്സരങ്ങളില്‍ അവര്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്. എങ്കിലും ടൂര്‍ണമെന്റില്‍ അവര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഈ പോരായ്മകളെ മറികടക്കാന്‍ മുംബൈ ഇന്ത്യന്‍സ് ടീം പരമാവധി ശ്രമിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. കളിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്. താരങ്ങള്‍ക്ക് പരിക്കേല്‍ക്കും, അതിനെ നേരിടേണ്ടി വരും.

ഞങ്ങള്‍ ടീമിലെടുത്ത താരങ്ങളൊക്കെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നതില്‍ തര്‍ക്കമില്ല. മുന്‍നിര താരങ്ങള്‍ അല്ലാതിരുന്നിട്ടും അവര്‍ കഴിവിന്റെ പരമാവധി മികവ് കാട്ടി. കിട്ടുന്ന അവസരങ്ങളിലെല്ലാം അവര്‍ മികവ് കാട്ടിയെന്നതിലും എതിരഭിപ്രായമില്ല. കീ പ്ലേയേഴ്‌സ് ഇല്ലാതിരുന്നിട്ടും ഞങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിച്ചിരുന്നു,’ ബൗച്ചര്‍ പറഞ്ഞു.

താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ അവതരിപ്പിക്കുമെന്നും മുംബൈ കോച്ച് കൂട്ടിച്ചര്‍ത്തു. ‘കളിക്കാരുടെ ഫിറ്റ്‌നസ് അടിസ്ഥാനമാക്കി ചില കടുത്ത തീരുമാനങ്ങള്‍ മാനേജ്‌മെന്റിന് എടുക്കേണ്ടി വരും. താരങ്ങളുടെ പരിക്കുകള്‍ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതല്ലെങ്കില്‍ നമുക്ക് പുതിയ താരങ്ങളെ നോക്കേണ്ടി വരും.

പറയാനാണെങ്കില്‍ ഒരുപാടുണ്ട്, പക്ഷേ ഇപ്പോള്‍ സ്വന്തം പല്ലില്‍ കുത്തി നാറ്റിക്കുന്നത് ശരിയല്ലെന്നാണ് തോന്നുന്നത്. ഇപ്പോള്‍ വിശ്രമിക്കേണ്ട സമയമാണ്. വികാരങ്ങളെ മാറ്റിനിര്‍ത്തി ചിന്തിക്കാന്‍ സമയം ലഭിച്ചാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി തെളിമയോടെ കാണാനാകും.

മുഖ്യ കോച്ചെന്ന നിലയിലുള്ള കന്നി അവസരം ശരിക്കും ആസ്വദിച്ചു. ഐ.പി.എല്‍ മത്സരങ്ങള്‍ കഠിനമാണ്. ഒരു കളി ജയിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരും. എതിരാളികളെല്ലാം ശക്തരാണെന്നതിനാല്‍ പ്ലേ ഓഫിലെത്തുകയെന്നത് വലിയ നേട്ടമാണ്,’ ബൗച്ചര്‍ പറഞ്ഞു.

content highlights: Obviously disappointed with today, but reaching play-offs a great achievement: Boucher

We use cookies to give you the best possible experience. Learn more