അഹമ്മദാബാദ്: എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശം രാജ്യത്തെ ദളിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണമാണെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മെവാനി.
“അട്രോസിറ്റി കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യത്തെ ദളിതര്‍ക്കെതിരെ നടത്തിയ ജുഡീഷ്യല്‍ ആക്രമണമാണ്” മെവാനി പറഞ്ഞു.
മാര്‍ച്ച് 20 നാണ് എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തി സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ വെടിയേറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വിധി പ്രകാരം എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്നും കര്‍ശനമായ വ്യവസ്ഥകളുള്ള ഈ നിയമം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് ഒരു തടസവുമില്ല.
ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.