റായ്പൂര്‍: യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലാറ്റന്റിലെ പോഡ്കാസ്റ്ററും യൂട്യൂബറുമായ രണ്‍വീര്‍ അല്ലാഹ്ബാദിയക്കെതിരെ അസമിലും കേസ്. പാനല്‍ അംഗമായ ആശിഷ് ചഞ്ച്‌ലാനിക്കും രണ്‍വീറിനുമെതിരെ അസം പൊലീസ് സമന്‍സ് അയച്ചതായാണ് റിപ്പോര്‍ട്ട്.
ഇവര്‍ ഇരുവരടക്കം മൂന്ന് പാനലിസ്റ്റുകളായ സമയ് റെയ്‌ന, കണ്ടന്റ് ക്രിയേറ്റര്‍ അപൂര്‍വ മുഖീജ, ജസ്പ്രീക് സിങ് എന്നിവരെയാണ് ചോദ്യം ചെയ്യാനായി അസം പൊലീസ് വിളിപ്പിച്ചിരിക്കുന്നത്.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റെന്ന പരിപാടിയില്‍ വെച്ച് മത്സരാര്‍ത്ഥിയോട് അശ്ലീല പരാമര്‍ശം നടത്തിയതിനാണ് കേസ്. ഇന്നലെ (ബുധനാഴ്ച) അസം പൊലീസ് സംഘം മുബൈയിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇതേ കേസില്‍ ഗുവാഹത്തി പൊലീസ് അഞ്ച് യൂട്യൂബര്‍മാര്‍ക്കെതിരെയും കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി അസം മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ഷോയില്‍ വന്ന മത്സരാര്‍ത്ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിന് പിന്നാലെ പരാമര്‍ശം വിവാദമാവുകയായിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ രണ്‍ബീര്‍, യൂട്യൂബര്‍ സമയ് റെയ്ന, ഇന്‍ഫ്ലൂവന്‍സര്‍ അപൂര്‍വ മഖിജ എന്നിവരുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത് നിരവധി പേര്‍ക്കതിരെയും മഹാരാഷ്ട്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ മഹാരാഷ്ട്ര സൈബര്‍ സെല്ല് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഷോയുടെ ആറാമത് എപ്പിസോഡ് വരെയും പ്രസ്തുത ഷോയുമായി ബന്ധമുണ്ടായിരുന്ന 40 ഓളംപേര്‍ക്കെതിരായാണ് നേരത്തെ കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് മഹാരാഷ്ട്ര സൈബര്‍ വകുപ്പ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ഷോയുടെ 18 എപ്പിസോഡുകളും നീക്കം ചെയ്യണമെന്നും സൈബര്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത 2023 നിയമത്തിലെ സെക്ഷന്‍ 79, സെക്ഷന്‍ 196, 299, 296, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍, വിദ്വേഷവും ശത്രുതയും വളര്‍ത്തുന്ന പ്രവൃത്തിയും സംസാരവും, മതവിശ്വാസങ്ങളെ അപമാനിക്കല്‍, പൊതുസ്ഥലങ്ങളില്‍ അശ്ലീലത കൈകാര്യം ചെയ്യുന്ന പാട്ടുകള്‍, പ്രവൃത്തികള്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlight: Obscenity; Case against YouTuber Ranbir Allahbadia and others in Assam too