മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍ബീര്‍ അല്ലാഹ്ബാദിയക്കെതിരെ കേസ്. ഷോയില്‍ വന്ന മത്സരാര്‍ത്ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിന് പിന്നാലെ പരാമര്‍ശം വിവാദമാവുകയായിരുന്നു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ രണ്‍ബീര്‍, യൂട്യൂബര്‍ സമയ് റെയ്‌ന, ഇന്‍ഫ്‌ലൂവന്‍സര്‍ അപൂര്‍വ മഖിജ എന്നിവരുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത് നിരവധി പേര്‍ക്കതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
സാമൂഹ്യമാധ്യമങ്ങള്‍ വഴി പരാമര്‍ശത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയരുകയും രാജ്യത്തിന്റെ പലയിടങ്ങളിലുമായി ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. പിന്നാലെ മഹാരാഷ്ട്ര സൈബര്‍ സെല്ല് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഷോയുടെ ആറാമത് എപ്പിസോഡ് വരെയും പ്രസ്തുത ഷോയുമായി ബന്ധമുണ്ടായിരുന്ന 40 ഓളംപേര്‍ക്കെതിരായാണ് കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് മഹാരാഷ്ട്ര സൈബര്‍ വകുപ്പ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ഷോയുടെ 18 എപ്പിസോഡുകളും നീക്കം ചെയ്യണമെന്നും സൈബര്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത 2023 നിയമത്തിലെ സെക്ഷന്‍ 79, സെക്ഷന്‍ 196, 299, 296, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍, വിദ്വേഷവും ശത്രുതയും വളര്‍ത്തുന്ന പ്രവൃത്തിയും സംസാരവും, മതവിശ്വാസങ്ങളെ അപമാനിക്കല്‍, പൊതുസ്ഥലങ്ങളില്‍ അശ്ലീലത കൈകാര്യം ചെയ്യുന്ന പാട്ടുകള്‍, പ്രവൃത്തികള്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ് എന്ന ഷോയില്‍ മലയാളികളെ അപമാനിച്ച രണ്‍ബീര്‍ അടക്കമുള്ള യൂട്യൂബര്‍മാര്‍ക്കെതിരെ മുബൈ പൊലീസ് കേസെടുത്തിരുന്നു. അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തത്.
റണ്‍വീര്‍ അല്ലാഹ്ബാദിയ, അപൂര്‍വ മഖിജ, സമയ് റെയ്ന എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ഷോയില്‍ നടത്തിയ അശ്ലീല വിവാദ പരാമര്‍ശത്തില്‍ തന്നെയാണ് യൂട്യൂബര്‍മാര്‍ക്കെതിരായ പരാതി.
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ സമയ് റെയ്‌നയുടെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലാണ് ഇന്ത്യ ഗോട്ട് ലാറ്റെന്റ്. നിലവില്‍ ചാനല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ പൊലീസ് റെയ്ഡ് നടക്കുന്നതായാണ് വിവരം.
നേരത്തെ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് ഉള്‍പ്പെടെ നിരവധി ആളുകള്‍ പരാതി നല്‍കിയിരുന്നു. ഭൂരിഭാഗം പരാതികളിലും ഷോയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് പറയുന്നത്.
Content Highlight: Obscenity; Another case against Ranbir Allahbadia and others who insulted Malayalis