Sports News
ഖത്തറിനെയും ഫിഫ പ്രസിഡന്റിനെയും അപമാനിക്കുന്ന തരത്തില്‍ അശ്ലീല പ്രതിമകള്‍; ലോകകപ്പ് കഴിഞ്ഞിട്ടും ജര്‍മനിയുടെ ദേഷ്യമടങ്ങിയില്ലേ?
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 25, 04:23 pm
Saturday, 25th February 2023, 9:53 pm

ഏറെ വിമര്‍ശനങ്ങളും അതിലേറെ പ്രശംസകളുമേറ്റുവാങ്ങിയാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തെ ആഘോഷമാക്കിയത്. വേള്‍ഡ് ക്ലാസ് മാച്ചുകളും വൈകാരിക മുഹൂര്‍ത്തങ്ങളും ഈ ലോകകപ്പിനെ മറ്റൊരു തലത്തിലേക്ക് തന്നെ ഉയര്‍ത്തിയിരുന്നു.

ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീനയായിരുന്നു ലോകകപ്പില്‍ മുത്തമിട്ടത്.

എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് രണ്ട് മാസത്തിലധികമായിട്ടും ചില കോണുകളിലെ ഫുട്‌ബോള്‍ ആരാധകരുടെ കലിയടങ്ങിയിട്ടില്ല. അത്തരമൊരു സംഭവമാണ് ജര്‍മനിയില്‍ നടന്നിരിക്കുന്നത്.

ജര്‍മനിയിലെ ഫ്രാങ്ക്‌ഫോര്‍ട്ടില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെയും ആതിഥേയരായ ഖത്തറിനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രതിമകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തീര്‍ത്തും അശ്ലീലത നിറഞ്ഞ രീതിയിലാണ് ഈ പ്രതിമകള്‍ ഒരുക്കിയത്.

സ്‌പോര്‍ട്‌സ് ബൈബിള്‍, സ്‌പോര്‍ട്‌സ്മാനര്‍ തുടങ്ങി നിരവധി കായികമാധ്യമങ്ങള്‍ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഈ പ്രതിമ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളും ഉയരുകയാണ്.

‘വളരെ മികച്ച ലോകകപ്പായിരുന്നു ഇത്. എന്നാല്‍ ചിലര്‍ മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടുകയാണ്. അവരിപ്പോഴും തങ്ങളാണ് മികച്ചവര്‍ എന്നാണ് കരുതുന്നത്. ലോകം മാറിയതൊന്നും അവര്‍ അറിഞ്ഞിട്ടില്ല,’ എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചത്.

‘ഒരു ജര്‍മന്‍ പൗരന്‍ എന്ന നിലയില്‍ അപമാനം തോന്നുകയാണ്. ഫ്രാങ്ക്‌ഫോര്‍ട്ടില്‍ ഈ പ്രതിമ ഞാനും കണ്ടിരുന്നു,’ എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

ട്വിറ്ററില്‍ വിഷയം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വഴിമാറിയിരിക്കുകയാണ്.

 

 

Content highlight: Obscene statues in Germany insulting Qatar and FIFA president