| Tuesday, 3rd November 2020, 3:21 pm

'ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചു'; 14ാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആമീര്‍ഖാന്റെ മകളുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയ്ക്ക് താഴെ അസഭ്യ കമന്റുകളായി വെര്‍ച്വല്‍ റേപ്പിസ്റ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന നടന്‍ ആമിര്‍ ഖാന്റെ മകളുടെ തുറന്നുപറച്ചിലിന് നേരെ അസഭ്യ കമന്റുകള്‍. വിവിധ മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയ്ക്ക് താഴെയാണ് അസഭ്യകമന്റുകള്‍ നിറഞ്ഞത്.

‘ ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചു’ എന്നായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുന്‍ അക്കൗണ്ട് ഓഫീസറായ ജോണ്‍ കുരുവിള എന്നയാള്‍ വാര്‍ത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. കമന്റിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സ്‌മൈലികള്‍ ഇട്ടും ക്ലിപ്പ് ചോദിച്ചും കോമഡികള്‍ പറഞ്ഞുമായിരുന്നു പലരും വാര്‍ത്തയോട് പ്രതികരിച്ചത്.

സ്ത്രീകള്‍ക്ക് പീഡനം വല്ല്യ കാര്യമൊന്നും അല്ലല്ലോയെന്നും ഇപ്പോള്‍ ആണോ വെളിപ്പെടുത്താന്‍ തോന്നിയതെന്നും പെര്‍ഫോമന്‍സ് നന്നായിട്ടുണ്ട് എന്നും പറഞ്ഞായിരുന്നു ചിലര്‍ രംഗത്തെത്തിയത്.

ഇന്ത്യക്കാരെ ഉദ്ധരിക്കാന്‍ ഉണ്ടാക്കിയ ‘പികെ’ സിനിമയുടെ ഷൂട്ടിംങിനായി അമീര്‍ഖാന്‍ ഓടിനടക്കുവായിരുന്നത് കൊണ്ട് മകളെ ശ്രദ്ധിക്കാന്‍ സമയം കിട്ടികാണില്ല എന്നാണ് ജോയ് എന്‍ജോയ് എന്ന യൂസര്‍ പ്രതികരിച്ചത്.

ഇതിപ്പോള്‍ ഒരു ഫാഷന്‍ ആണെന്നും ലൈംഗിക അതിക്രമം നടന്നാല്‍ വലിയ എന്തോ അവാര്‍ഡ് കിട്ടിയ പോലെ ആണ് സെലിബ്രിറ്റികള്‍ പറയുന്നതെന്നുമായിരുന്നു മറ്റു ചിലരുടെ വാദം. വര്‍ഷങ്ങള്‍ മുന്‍പ് അവര്‍ ഒന്നും ചെയ്തില്ല. പിന്നെ ഇപ്പോള്‍ പോസ്റ്റ് ഇട്ടത് കൊണ്ട് എന്താണ് കാര്യം എന്നാണ് മറ്റൊരു കമന്റ്.

സിനിമമേഖലയില്‍ പഴയ പീഡന കഥകള്‍ പങ്കുവെക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായിരിക്കുന്നു. സത്യത്തില്‍ അക്കാര്യത്തില്‍ അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അന്തസ്സായി കേസ് ഫയല്‍ ചെയ്യണം. അല്ലാതെ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞ് ഹീറോയിന്‍ ആകാന്‍ ശ്രമിക്കുന്നത് പീഡനത്തെ സാമാന്യവല്‍ക്കരിക്കുന്നതിന് തുല്യമാണ് എന്നാണ് മറ്റു ചിലരുടെ വാദം.

ഒരാള്‍ മറ്റൊരാളുടെ സമ്മതമില്ലാതെ പീഡനത്തിനിരയാക്കപ്പെടുന്നത് അത്ര വലിയ കാര്യമൊന്നുമല്ല എന്ന പൊതുബോധം സ്ത്രീകളില്‍ ഉണ്ടാക്കുകയാണോ ഇരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണ്ട് വാലുപോയ കുറുക്കന്റെ കഥ വായിച്ചവരാണല്ലോ നമ്മള്‍ എന്നാണ് മറ്റൊരു കമന്റ്.

ഇതൊക്കെ ഉണ്ടെങ്കിലേ സിനിമയില്‍ ചാന്‍സ് കിട്ടുള്ളൂവെന്നും സെലിബ്രിറ്റി എന്നൊക്കെ പറയുന്നത് ഇങ്ങനെ കിട്ടുന്ന പേരാണെന്നുമാണ് മറ്റു ചിലരുടെ കമന്റ്.

എന്നാല്‍ ചുറ്റും ഉള്ളവരുടെ ആക്ഷേപം കേള്‍ക്കും എന്നറിഞ്ഞിട്ടും അവര്‍ ഇതൊക്കെ തുറന്ന് പറയുന്നത് ആരും സുരക്ഷിതരല്ല എന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കാന്‍ വേണ്ടി ആണെന്നും എല്ലാം തുറന്നുപറയുക തന്നെയാണ് വേണ്ടതെന്നും ചിലര്‍ കമന്റുകള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

‘ഇവിടെ സ്‌മൈലി ഇട്ടതും ഇതൊക്കെ കോമഡി ആയി ആഘോഷിച്ചു കമന്റിടുന്നവരും എന്ത് ദുരന്തങ്ങള്‍ ആണ്. ചെറുപ്പത്തില്‍ പീഡിപ്പിക്കപ്പെട്ട കാര്യം ഒരു സ്ത്രീ ഇപ്പോള്‍ പറഞ്ഞത് ഇന്ന് അവര്‍ക്കു അതിനുള്ള പക്വതയും ധൈര്യവും വന്നത് കൊണ്ടാണ്. അതിനെ ഇങ്ങനെ പരിഹസിക്കാന്‍ മാത്രം എന്താണ് ഉള്ളത്. റേപ്പ് നടന്നു എന്ന് പറയുമ്പോള്‍ സന്തോഷിക്കാനും അത് ആഘോഷിക്കാനും ഇവര്‍ക്ക് എങ്ങനെ കഴിയുന്നു. എന്ത് തരം മനോവൈകല്യം ആണിത്’

‘എത്ര ചിരികളാണ് നമ്മള്‍ നല്‍കിയിരിക്കുന്നത്, എത്ര ഹാസ്യ കമന്റുകളാണ് ചിലര്‍ നല്‍കിയിക്കുന്നത് എപ്പോഴെങ്കിലും ഇതുപോലൊരു കഥ നമ്മുടെ മക്കള്‍ക്കിടയില്‍ കേള്‍ക്കുവാന്‍ ഇട വന്നാല്‍ ഹാസ്യം പറയുമ്പോള്‍ തൊണ്ട ഇടറരുത്, വാക്കുകള്‍ മുറിയരുത്. സാധ്യത ഉണ്ട് സംഭവിക്കാന്‍. കാരണം നിന്റെയൊക്കെ സ്വഭാവം കൈപ്പറ്റിയ സുഹൃത്തും ആ നാട്ടില്‍ കാണണമല്ലോ. അഥവാ സംഭവിച്ചാല്‍ ചിലപ്പോള്‍ മറ്റുള്ളവരിലേക്ക് വിളിച്ചോതുന്ന സുഖം അവിടെ കിട്ടിയെന്ന് വരില്ല. പക്ഷെ ഒന്നുറപ്പാണ്. നിങ്ങള്‍ അതിലൊന്നും തകരില്ല. അത്രയ്ക്ക് മഹിമ ഇവിടെ വിളമ്പുന്നുണ്ടല്ലോ’ തുടങ്ങിയ മറുപടികളും ചിലര്‍ നല്‍കുന്നുണ്ട്.

‘ആമിര്‍ ഖാന്റെ മകള്‍ പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന വാര്‍ത്തയ്ക്ക് കിട്ടുന്ന റിയാക്ഷനുകള്‍ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ്. അതിന് പൊട്ടിച്ചിരിക്കുന്ന സ്‌മൈലി ഇട്ടവരുടെ എണ്ണം മുപ്പതിനു മുകളില്‍ വരും. എന്താണ് ആ വാര്‍ത്തയില്‍ ചിരിക്കാനായുള്ള തമാശയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. സ്വന്തക്കാര്‍ ആരെങ്കിലും മരിച്ചു കിടന്നാലും തമാശ കാണുന്ന കൂട്ടത്തിലുള്ളോരാവാനേ വകുപ്പുള്ളൂ.

ചെറുപ്പത്തിലേ പണി പഠിച്ചെന്ന് നീചവും നിന്ദ്യവുമായ കമന്റിട്ടയാളുടെ പ്രൊഫൈല്‍ ഒറിജിനലാണോയെന്നറിയില്ല. ആണെങ്കില്‍ ഭൂലോകദുരന്തമാണ്. പ്രായവും ജോലിയും ഒക്കെ വച്ച് നോക്കിയാല്‍ കൂടുതല്‍ ശോചനീയമാണ്.

വേറെ ചിലര്‍ക്കറിയേണ്ടത് ഇത്രയും നാള്‍ എന്താണ് പറയാതിരുന്നത് എന്നാണ്. കുട്ടിയായിരിക്കുമ്പോള്‍ നേരിട്ടത് നല്ല ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനമായിരുന്നോ അല്ലയോ എന്ന് പോലും പിന്നീടായിരിക്കാം മനസിലായത് എന്ന സാധ്യത പോലും ഇവറ്റകളുടെ മനസില്‍ വരുന്നില്ല.
അപ്പോള്‍പിന്നെ ഒരു വ്യക്തിക്കെതിരെ, ആണോ പെണ്ണോ ആവട്ടെ, ലൈംഗികാതിക്രമം നേരിടേണ്ടി വന്നാല്‍ അതിന്റെ ആഘാതത്തില്‍ നിന്ന് കര കയറാന്‍ എത്ര സമയം വേണ്ടി വന്നേക്കാമെന്നോ അതിനു ശേഷമായിരിക്കാം ഒരുപക്ഷേ അതെക്കുറിച്ച് വെളിപ്പെടുത്താന്‍ പോലുമുള്ള മനസുണ്ടാവാനിടയുള്ളെന്നോ ഒക്കെ പറയുന്നതില്‍ എന്ത് ഫലം.

അന്ന് സുഖമായിരുന്നു, ഇന്ന് ആ സുഖം തീര്‍ന്നതുകൊണ്ടാണോ പറഞ്ഞതെന്ന് ഉളുപ്പില്ലാതെ ചോദിക്കാന്‍ വേറൊരു അലവലാതി. ത്ഫൂ…. പൊതു കക്കൂസിന്റെയും ട്രെയിന്റെ ലാട്രിന്റെയും ചുമരില്‍ ഫോണ്‍ നമ്പരും പേരും എഴുതി വച്ചോണ്ടിരുന്നവരൊക്കെ ഇപ്പൊ ഫേസ്ബുക്കിലാണ് എഴുതുന്നതെന്ന് തോന്നുന്നു. ഭൂലോക ദുരന്തങ്ങള്‍’ എന്നാണ് ഇത്തരം കമന്റുകളോട് പ്രതികരിച്ചുള്ള ചിലരുടെ പ്രതികരണം.

കമന്റ് ബോക്‌സ് നിറയെ റേപ്പിസ്റ്റുകളാണെന്നും ആദ്യം ശ്രദ്ധിക്കേണ്ടത് ഇത്തരക്കാരെയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Obscene comments following the news of Aamir Khan’s daughter’s

We use cookies to give you the best possible experience. Learn more