| Thursday, 25th May 2023, 12:36 pm

ഓരോ വര്‍ഷവും പത്ത് ലക്ഷം മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റുന്നു; ആര്‍.എസ്.എസിനും ബജ്‌റംഗ്ദളിനുമെതിരെ ലഘുലേഖ; 10 പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ബജ്‌റംഗ്ദളിനും, ആര്‍.എസ്.എസിനുമെതിരെ ലഘുലേഖ വിതരണം ചെയതെന്നാരോപിച്ച 10 പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ആരാധനാലയത്തിന് സമീപം ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് 45കാരിയായ യുവതിയായിരുന്നു പൊലീസിന് പരാതി നല്‍കിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന കത്ത് എന്ന പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിങ്ങളുടെ വിശ്വസ്തനായ സഹോദരന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതം മാറ്റുന്നുവെന്നാണ് ലഘുലേഖയില്‍ പറയുന്നത്. ഓരോ വര്‍ഷവും പത്ത് ലക്ഷം മുസ്‌ലിം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ മതംമാറുന്നുവെന്ന് ഇതില്‍ ആരോപിക്കുന്നു.

തിരിച്ചറിയാത്ത 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും ആര്‍.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും മോശപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ലഘുലേഖയില്‍ ഉള്ളതെന്ന് പൊലീസ് പറഞ്ഞു.

‘ഐ.പി.സി 153-എ പ്രകാരം തിരിച്ചറിയാത്ത 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മെയ് 20ന് വിതരണം ചെയ്ത നോട്ടീസില്‍ ആര്‍.എസ്.എസിനും ബജ്‌റംഗ്ദളിനുമെതിരെ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു,’ റാവോജി ബസാര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പ്രിതം സിങ് താക്കൂര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ കാമുകിയെ പീഡിപ്പിക്കുകയും മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് 23കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദി കേരള സ്‌റ്റോറി സിനിമ കണ്ടതിന് ശേഷമാണ് കാമുകന്‍ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചതെന്ന് യുവതി പരാതിപ്പെട്ടതായി പൊലീസ് പറയുന്നു.

CONTENTHIGHLIGHT: objectionable pamphlet distrbute against rss, bajrangdal; Police take case

We use cookies to give you the best possible experience. Learn more