കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്‍ പതിനഞ്ചാം സീസണിലെ ഏറ്റവും ആവേശകരമായ മാറ്റത്തിന് കളമൊരുങ്ങിയത്. ഇരുടീമുകളും കൂടി 417 റണ്‍സടിച്ചെടുത്ത മത്സരം അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റിന്റെ വശ്യതയെന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു.
കൊണ്ടും കൊടുത്തും തന്നെയായിരുന്നു ഇരു ടീമുകളും മുന്നേറിയത്. രാജസ്ഥാനില്‍ ബാറ്റിംഗിന്റെ ചുമതല ബട്‌ലറും സഞ്ജുവും ഹെറ്റ്‌മെയറുമായിരുന്നെങ്കില്‍ കൊല്‍ക്കത്തയില്‍ ഫിഞ്ചും അയ്യരും ഉമേഷുമായിരുന്നു ആ ചുമതല വഹിച്ചത്.
ബൗളിംഗിന്റെ കാര്യത്തില്‍ കൊല്‍ക്കത്തയുടെ ബൗളിംഗ് ആക്രമണത്തിന് തിരി തെളിച്ചത് സുനില്‍ നരെയ്‌നായിരുന്നു. പിങ്ക് പടയുടെ ബൗളിംഗ് സാരഥ്യം ചഹല്‍ ഏറ്റെടുത്തപ്പോള്‍ ഒപ്പം നിന്നത് ഒബെഡ് മക്കോയ് എന്ന വിന്‍ഡീസുകാരനായിരുന്നു.
തന്റെ ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ തന്നെ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഒബെഡ് മക്കോയ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ കൈവിട്ടുപോകുമായിരുന്ന മത്സരം രാജസ്ഥാന് വേണ്ടി നേടിക്കൊടുത്തത് മക്കോയ്‌യുടെ അവസാന ഓവറാണെന്നു തന്നെ പറയാം.
വന്ന നിമിഷം മുതല്‍ ബൗളര്‍മാരെ സിക്‌സറിന് പറത്തിയ ഉമേഷ് കൊല്‍ക്കത്തയ്ക്ക് മത്സരം വേണ്ടി ജയിപ്പിക്കും എന്നു പോലും തോന്നിയിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ അപകടകാരികളായ രണ്ട് പേരെയാണ് മക്കോയ് മടക്കിയത്.
അവസാന ഓവറില്‍ സൗരാഷ്ട്രയുടെ ശക്തിയാവാഹിച്ച ഷെല്‍ഡണ്‍ ജാക്‌സണെ ആദ്യം തന്നെ മടക്കിയ മക്കോയ് നാലാം പന്തില്‍ ഉമേഷ് യാദവിനേയും ക്ലീന്‍ ബൗള്‍ഡാക്കിയാണ് മത്സരം രാജസ്ഥാന് നേടിക്കൊടുത്തത്.
ഇത്രയും കാലം ഒളിച്ചുവെച്ച ദിവ്യാസ്ത്രം തന്നെയായിരുന്നു മക്കോയ്. ട്രെന്റ് ബോള്‍ട്ടിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മക്കോയ് തന്നെ കളത്തിലിറക്കണമെന്ന് ആകാശ് ചോപ്ര പറഞ്ഞത് വെറുതെയല്ല എന്ന് അടിവരയിടുന്ന പ്രകടനമാണ് താരം പുറത്തെടുത്ത്.
ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ അടിവാങ്ങിക്കൂട്ടിയിട്ടും അവസാന ഓവറില്‍ 11 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു വിശ്വസിച്ച് പന്തേല്‍പിച്ചത് മക്കോയ്‌യെ ശരിക്കും അറിഞ്ഞ് തന്നെയാണ്.
‘മക്കോയ് രസികനായ ആളാണ്. അദ്ദേഹം അധികം സംസാരിക്കില്ല. എന്നാല്‍ തന്റെ ബോളിംഗ് സ്‌കില്ലുകളില്‍ അദ്ദേഹത്തിന് ശരിക്കും നിയന്ത്രണമുണ്ട്.’ എന്നാണ് ക്യാപ്റ്റന്‍ താരത്തെ കുറിച്ച് പറഞ്ഞത്.
ചഹലും അശ്വിനും സ്പിന്‍ നിരയെ പരിപാലിക്കുമ്പോള്‍ പേസ് നിരയ്ക്ക് മുതല്‍ക്കൂട്ടാവാന്‍ മക്കോയ്‌യ്ക്കാവുമെന്നുറപ്പാണ്. ബോള്‍ട്ടിനൊപ്പം മക്കോയ്‌യും ഒപ്പം പ്രസിദ്ധ് കൃഷ്ണയും കരുണ്‍ നായരും ചേരുകയാണെങ്കില്‍ ഏത് ബാറ്റിംഗ് നിരയേയും ഭയപ്പെടുത്താന്‍ പോന്ന ബൗളിംഗ് നിരയാവും രാജസ്ഥാന്റേത് എന്നുറപ്പാണ്.
വരുന്ന മത്സരങ്ങളിലും മക്കോയ് ടീമിനൊപ്പമുണ്ടാവും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. പേസ് നിരയിലും ഡെത്ത് ഓവറിലും രാജസ്ഥാന് മുതല്‍ക്കൂട്ടായി വളര്‍ത്തിയെടുക്കാന്‍ പോന്ന താരം തന്നെയാണ് മക്കോയ്.
Content Highlight: Obed McCoy, New pace sensation of Rajasthan Royals