ആദ്യ ബോള്‍ വിക്കറ്റ് ഇന്ത്യയെ പ്രഷറിലാക്കാന്‍ സഹായിച്ചു, ഇതെന്റെ അമ്മക്ക് വേണ്ടിയുള്ളതാണ്; മത്സര ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ വണ്ടര്‍ബോയ്
Cricket
ആദ്യ ബോള്‍ വിക്കറ്റ് ഇന്ത്യയെ പ്രഷറിലാക്കാന്‍ സഹായിച്ചു, ഇതെന്റെ അമ്മക്ക് വേണ്ടിയുള്ളതാണ്; മത്സര ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ വണ്ടര്‍ബോയ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd August 2022, 12:25 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മികച്ച ജയം. വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച ഏറ്റിരുന്നു. ഒബെഡ് മക്കോയ് ആറാടിയ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിപതറുകയായിരുന്നു.

നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പടെ 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് മക്കോയ് പിഴുതത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചതും അദ്ദേഹമായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ നായകന്‍ രോഹിത്തിനെ പുറത്താക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആ വിക്കറ്റില്‍ തന്നെ വരാന്‍ പോകുന്ന ആപത്തിന്റെ സൂചന മക്കോയ് ഇന്ത്യക്ക് നല്‍കിയിരുന്നു.

ട്വന്റി-20 സ്‌പെഷ്യലിസ്റ്റ് താരങ്ങളാല്‍ പേരുകേട്ട വെസ്റ്റ് ഇന്‍ഡീസനായി ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബൗളിങ് സ്‌പെല്ലാണ് മക്കോയ് സ്വന്തമാക്കിയത്. മത്സരത്തിലെ താരമായതും അദ്ദേഹം തന്നെയാണ്. ഇന്ത്യന്‍ ബാറ്റിങ് നിരക്കെതിരെ നടത്തിയ ഈ പ്രകടനം അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് കൂട്ടുമെന്നതില്‍ സംശയമില്ല.

ഈ മത്സരത്തിലെ പ്രകടനം തന്റെ അമ്മക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു എന്നാണ് മത്സരത്തിന് ശേഷം മക്കോയ് പറഞ്ഞത്. അസുഖബാധിതയായ അമ്മയാണ് നല്ല കളിക്കാരാനാകാന്‍ തന്നെ എന്നും മോട്ടിവേറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പന്തില്‍ നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയെന്നും എല്ലാ മത്സരത്തിലും പവര്‍പ്ലേയില്‍ തന്നെ വിക്കറ്റ് നേടാനാണ് താന്‍ ശ്രമിക്കുന്നതെന്നും 25 വയസുകാരന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത് എന്റെ അമ്മയ്ക്ക് വേണ്ടിയാണ്. അവര്‍ രോഗിയാണ്, ഒരു മികച്ച കളിക്കാരനാകാന്‍ അവര്‍ എന്നെ എപ്പോഴും പ്രേരിപ്പിച്ചു. ആദ്യ പന്തില്‍ നേടിയ വിക്കറ്റ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പവര്‍പ്ലേയില്‍ ഞാന്‍ എപ്പോഴും വിക്കറ്റുകള്‍ക്കായി നോക്കാറുണ്ട്. ക്ലീന്‍ മൈന്‍ഡ്‌സെറ്റുമായിട്ടാണ് ഞാന്‍ കളിക്കാന്‍ ഇറങ്ങിയത്. മുമ്പത്തെ ഗെയിമില്‍, ഞാന്‍ അല്‍പം കടന്ന് ചിന്തിച്ചിരുന്നു. അത് എനിക്ക് ഒരു വെല്ലുവിളി നല്‍കുന്നു, എല്ലാ അനുഭവങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്’, മക്കോയ് പറഞ്ഞു.

രോഹിത്തിനെ കൂടാതെ സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ വിക്കറ്റാണ് മക്കോയ് സ്വന്തമാക്കിയത്.

Content Highlights: Obed Mccoy dedicated  man of the match to his sick Mother