| Monday, 13th July 2020, 9:06 pm

ചീരപ്പന്‍ ചിറ കുടുംബത്തിനും മലയരയന്മാര്‍ക്കും ശബരിമല ക്ഷേത്രത്തിലുള്ള അവകാശങ്ങള്‍ പുനസ്ഥാപിക്കണം; പദ്മനാഭ സ്വാമി കേസിലെ വിധിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഒ.ബി.സി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ചീരപ്പന്‍ ചിറ കുടുംബത്തിനും മലയരയന്മാര്‍ക്കും ഉണ്ടായിരുന്ന അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്ന  ആവശ്യവുമായി  ഒ.ബി.സി കോണ്‍ഗ്രസ്.
ഇക്കാര്യത്തില്‍ ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു.

ആലപ്പുഴ മുഹമ്മ ചീരപ്പന്‍ ചിറക്കാര്‍ക്ക് ശബരിമലയില്‍ വെടിവഴിപാടിനും മാളികപ്പുറത്തു നെയ് വിളക്കിനും അനുബന്ധമായി വിവിധ അവകാശങ്ങളുമുണ്ടായിരുന്നെന്നും മകരജ്യോതി തെളിയിക്കുന്നതില്‍ മലയരയന്മാര്‍ക്ക് അനിഷേധ്യ സ്ഥാനമുണ്ടായിരുന്നെന്നും പറഞ്ഞ സുമേഷ് 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചീരപ്പന്‍ ചിറക്കാരുടെ  അവകാശങ്ങളില്‍ ദേവസ്വം ബോര്‍ഡ് തര്‍ക്കം ഉന്നയിക്കുകയും  കോടതി വ്യവഹാരത്തെ തുടര്‍ന്ന് ഇവര്‍ക്കുള്ള അവകാശം ദേവസ്വം ബോര്‍ഡ് കൈക്കലാക്കുകയും ചെയ്യുകയായിരുന്നെന്നും ആരോപിച്ചു.

പദ്മനാഭസ്വാമി ക്ഷേത്ര വിധിയോടു കൂടി കേരള ഹൈക്കോടതിയുടെ വിധി പുനപരിശോധിക്കപ്പെടണമെന്നും  ചീരപ്പന്‍ ചിറ കുടുംബത്തിന് ശ്രീനാരായണ ഗുരുവുമായി ഉണ്ടായിരുന്ന  അധ്യാത്മിക വൈകാരിക ബന്ധം ഉള്‍ക്കൊണ്ട്  ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more