| Thursday, 10th May 2012, 9:52 am

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കണമെന്ന് ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമനാസൃതമാക്കുന്നതിനു യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പിന്തുണ. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.

വര്‍ഷങ്ങളോളം ഭാര്യ മിഷേലും മക്കളും ഉള്‍പ്പെടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും  നീണ്ട ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഇത്തരമൊരു നിലപാടില്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ യുവാക്കളുടെ പിന്തുണ നേടിയെടുക്കാന്‍ ഈ പ്രഖ്യാപനം ഒബാമയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നവംബറിലെ തിരഞ്ഞെടുപ്പില്‍ ഒബാമയുടെ മുഖ്യ എതിരാളിയായ റിപ്പബ്ലിക്കന്‍ നേതാവ് മിറ്റ് റോംനി സ്വവര്‍ഗ വിവാഹത്തിന് എതിരാണ്. സാമൂഹ്യവും മതപരമായും യാഥാസ്ഥിതിക നിലപാട് കാത്തസൂക്ഷിക്കുന്നവര്‍ക്കിടയില്‍ ഈ വിഷയമാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണ തന്ത്രമായി ഉപയോഗിക്കുക.

അടുത്തിടെ സണ്‍ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വവര്‍ഗവിവാഹത്തെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ഉന്നത ഉപദേശകര്‍ രംഗത്തെത്തിയിരുന്നു. ബൈഡന്റെ പ്രസ്താവന പുറത്ത് വന്നതോടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഒബാമ നിര്‍ബന്ധിതനാവുകയായിരുന്നു.

അമേരിക്കയില്‍ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് അടുത്തിടെ നടന്ന സര്‍വ്വേ ഫലങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. 50% അമേരിക്കക്കാരും സ്വവര്‍ഗ വിവാഹം നിയമനാസൃതമാക്കണമെന്ന അഭിപ്രായമുള്ളവരാണെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 48% യുഎസ് പൗരന്‍മാരാണ് സ്വവര്‍ഗവിവാഹത്തെ എതിര്‍ക്കുന്നത്.

2008ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ സ്വര്‍ഗവിവാഹത്തെ എതിര്‍ത്ത ഒബാമയുടെ ഇപ്പോഴത്തെ മലക്കംമറിച്ചിലിന് ഈ സര്‍വേഫലങ്ങളും കാരണമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more