സാന്‍ഡി ചുഴലിക്കാറ്റ്: അടിയന്തര സഹായം ഉടന്‍ നല്‍കുമെന്ന് ഒബാമ
World
സാന്‍ഡി ചുഴലിക്കാറ്റ്: അടിയന്തര സഹായം ഉടന്‍ നല്‍കുമെന്ന് ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st November 2012, 8:10 am

ന്യൂജേഴ്‌സി: സാന്‍ഡി ചുഴലിക്കാറ്റുമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.

ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളില്‍ ഒബാമ സന്ദര്‍ശനം നടത്തി. ന്യൂജേഴ്‌സിയില്‍ എത്തിയ ഒബാമയ്‌ക്കൊപ്പം ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റീന്‍, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി തലവന്‍ ക്രെയ്ഗ് ഫ്യുഗേറ്റ് എന്നിവരും ഉണ്ടായിരുന്നു. []

അമേരിക്കന്‍ ഭരണകൂടം ജനങ്ങള്‍ക്കൊപ്പമുണ്ട്, ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്ന് ന്യൂജേഴ്‌സിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഒബാമ പറഞ്ഞു.

കാറ്റടങ്ങിയെങ്കിലും അതുണ്ടാക്കിയ ദുരന്തങ്ങള്‍ തുടരുകയാണ്. 40 പേര്‍ ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 22 പേര്‍ മരിച്ചു.

അതിനിടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തടസപ്പെട്ട ന്യൂയോര്‍ക്ക് സബ് വെ സര്‍വീസുകള്‍ വ്യാഴാഴ്ച ഭാഗികമായി പുനരാരംഭിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോംബോ പറഞ്ഞു. മെട്രോ  നോര്‍ത്ത് റെയില്‍റോഡ്, ലോംഗ് ഐലന്‍ഡ് റെയില്‍ റോഡ് എന്നിവയിലെ സര്‍വീസുകളാവും ഭാഗികമായി പുനരാരംഭിക്കുക.

എണ്‍പത് ലക്ഷത്തോളം വീടുകള്‍ വൈദ്യുതിയില്ലാത്ത അവസ്ഥയിലാണ്. 4,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി. ന്യൂഹാംഷയറില്‍ മണിക്കൂറില്‍ 224 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്.

നഗരത്തിലെ റോഡ് ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.