ഇറാനെതിരെയുള്ള പുതിയ ഉത്തരവില്‍ ഒബാമ ഒപ്പുവെച്ചു
World
ഇറാനെതിരെയുള്ള പുതിയ ഉത്തരവില്‍ ഒബാമ ഒപ്പുവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2012, 10:31 am

വാഷിങ്ടണ്‍: ആണവപദ്ധതിയില്‍ നിന്നും ഇറാനെ തടസ്സപ്പെടുത്താനും പിന്തിരിപ്പിക്കാനുമുള്ള പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പു വെച്ചു. എന്നാല്‍, സമാധാനാവശ്യത്തിന് വേണ്ടിയെന്ന് പറഞ്ഞ് ഇറാന്‍ ആണവപദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.[]

ഇറാനെ ലക്ഷ്യമാക്കിയുള്ള നടപടിയാണിതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ടോമി വിയറ്റര്‍ അറിയിച്ചു. ഇറാനെ സഹായിക്കുന്ന ഏതെങ്കിലും വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിടുന്ന നടപടിക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് അമേരിക്ക അംഗീകാരം നല്‍കിയത്.

ഇറാന്റെ എണ്ണ ഉദ്പാദനങ്ങളും പെട്രോ കെമിക്കല്‍സും കൊണ്ട് പോകാന്‍ ഇറാന്‍ സര്‍ക്കാിനെ സഹായിക്കുന്നവരെയും നടപടി ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങളില്‍ സമഗ്രമാറ്റം വേണമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോമ്‌നി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.

പ്രസിഡന്റ് ബറാക് ഒബാമയുടെ വിദേശ നയങ്ങളെ ശക്തമായ ഭാഷയിലാണ് മിറ്റ് റോമ്‌നി വിമര്‍ശിച്ചത്. വെര്‍ജീനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിറ്റ് റോമ്‌നി. ഒബാമയുടെ വിദേശ നയങ്ങളാണ് അമേരിക്കയുടെ ശക്തി ദുര്‍ബലമാകുന്നതിനും ലോകരാജ്യങ്ങള്‍ക്കിടയിലുള്ള രാജ്യത്തിന്റെ ബഹുമതി നഷ്ടമാകുന്നതിനും ഇടയാക്കിയതെന്ന് റോമ്‌നി ആരോപിച്ചിരുന്നു.

സമാധാനപരവും, കൂടുതല്‍ അഭിവൃദ്ധിയും, സ്വതന്ത്രവുമായ ലോകത്തിന് വേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് വാചാലനായ അദ്ദേഹം ഒബാമയുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടുകളായിരിക്കും പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളില്‍ സ്വീകരിക്കുകയെന്നും വ്യക്തമാക്കി.