അമേരിക്കയില്‍ വീണ്ടും ഒബാമ
World
അമേരിക്കയില്‍ വീണ്ടും ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th November 2012, 8:25 am

വാഷിങ്ടണ്‍: തീപാറുന്ന പോരാട്ടത്തിനൊടുവില്‍  രണ്ടാം തവണയും അമേരിക്ക ഒബാമയെ  പ്രസിഡണ്ടായി തിരഞ്ഞെടുത്തു. രാജ്യത്തിന്റെ പുരോഗതിയ്ക്കായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തും എന്ന ഒബാമയുടെ വാക്കുകളില്‍ അമേരിക്കന്‍ ജനത വിശ്വാസമര്‍പ്പിച്ചു എന്നതിന്റെ തെളിവാണ് ഈ വിജയം.

270 ഇലക്ട്രറല്‍ കോളേജുകളാണ് വിജയിക്കാന്‍ വേണ്ടത്. 538 ഇലക്ട്രറല്‍ വോട്ടുകളില്‍ ഒബാമ 284 ഉം റോംനി 203 ഉം നേടി.  പെന്‍സില്‍വാനിയ(20), മിഷിഗണ്‍(10), വിസ്‌കോന്‍സില്‍(10), ഒഹായോ(10), അയോവ(6), ന്യൂഹാംപ്ഷയര്‍(4), കോളറാഡോ(9) തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമാണ് ഒബാമയ്ക്ക് തുണയായത്.[]

അലബാമ, കന്‍സാസ്, നോര്‍ത്ത് ഡക്കോട്ട, ടെന്നസി, മിസിസിപ്പി, ജോര്‍ജിയ, ഇന്‍ഡ്യാന, ലൂസിയാന, വെസ്റ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, സൗത്ത് കാരോളിന, ഒക് ലഹോമ എന്നിവ റോംനി നേടി. മേരിലാന്‍ഡ്, മെയ്ന്‍, മാസചുസെറ്റ്സ്സ്, കണക്ടികട്ട്, മിഷിഗണ്‍, റോഡ് ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒബാമയും വിജയിച്ചു. ഇന്ത്യന്‍സമയം ഇന്നലെ വൈകീട്ട് 4.30ന് വെര്‍ജീനിയ, ന്യൂ ഹാംഷയര്‍, മെയ്ന്‍ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് ആദ്യം തുടങ്ങിയത്.

വാഷിങ്ടണ്‍ ഡിസിയുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പിന്നാലെ ബൂത്തിലെത്തി. വിവിധമേഖലകളിലായി ഇന്ത്യന്‍സമയം ഇന്ന് രാവിലെ 10.30വരെ വോട്ടെടുപ്പ് നീ. വോട്ടെടുപ്പ് പൂര്‍ത്തിയാവുംമുമ്പുതന്നെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. ന്യൂ ഹാംഷയറിലെ ഡിക്‌സ്‌വിലെ നോച്ചിലെ ഒരു കൊച്ചുഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകിട്ടുചെയ്ത വോട്ട് അപ്പോള്‍തന്നെ എണ്ണി. ആകെയുള്ള പത്തുവോട്ടില്‍ അഞ്ചെണ്ണം ഒബാമയ്ക്കും അഞ്ചെണ്ണം റോംനിക്കും ലഭിച്ചു.

ഇന്നലെ മസാച്ചുസെറ്റ്‌സിലെ ബെല്‍മണ്ടിലാണ് റോംനിയും ഭാര്യ ആനും വോട്ടുചെയ്തത്. ഒബാമ ഷിക്കാഗോയില്‍ നേരത്തേതന്നെ വോട്ടുചെയ്തിരുന്നു. ഒബാമയുള്‍പ്പെടെ മൂന്നുകോടിയിലേറെയാളുകള്‍ വോട്ടെടുപ്പുദിവസത്തിന് മുമ്പുതന്നെ വോട്ടുചെയ്തിരുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധിസഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും ഏതാനും സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍സ്ഥാനത്തേക്കും ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നു.

ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍മാര്‍ ഭൂരിപക്ഷം നേടുമെന്നാണ് സൂചന. എന്നാല്‍, സെനറ്റില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നിലനിര്‍ത്തും. വേറെയും സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടെങ്കിലും പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ ഒബാമയും റോംനിയും തമ്മിലാണ് പ്രധാനമത്സരം.

ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിലൂടെ ജനങ്ങള്‍ നേരിട്ട് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. അതിനുള്ള ഇലക്ടറല്‍ കോളേജിലേക്കുള്ള 538 പേരെയാണ് തിരഞ്ഞടുക്കുന്നത്.  ഇതില്‍ 270 പേരുടെ പിന്തുണ ലഭിക്കുന്നയാള്‍ പ്രസിഡന്റാകും. തിരഞ്ഞെടുക്കപ്പെടുന്ന “ഇലക്ടര്‍”മാര്‍ അടുത്തമാസം 17ന് അതത് സംസ്ഥാനത്ത് ഒത്തുകൂടി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ഔപചാരികമായി വോട്ടുരേഖപ്പെടുത്തും.

ഈ വോട്ടുകള്‍ ജനവരി ആറിന് യു.എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്തസമ്മേളനത്തില്‍ എണ്ണിയാണ് വിജയിയെ ഔദ്യാഗികമായി പ്രഖ്യാപിക്കുക. അതുകഴിഞ്ഞ് ജനവരി 20നാണ് പതിവായി പുതിയ പ്രസിഡണ്ട് സ്ഥാനമേല്‍ക്കുക. എന്നാല്‍, വരുന്ന ജനവരി 20 ഞായറാഴ്ചയായതിനാല്‍ പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞ 21നാവും.