| Wednesday, 7th November 2012, 2:02 pm

ഒബാമയുടെ വിജയം ഇന്ത്യന്‍ ഐ.ടി മേഖലയെ ദോഷകരമായി ബാധിക്കും: ഫനീഷ് മൂര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ബറാക്ക് ഒബാമ തിരിച്ചെത്തിയത് ഐ.ടി മേഖലയ്ക്ക് നല്ല വാര്‍ത്തയല്ലെന്ന് ഐ-ഗേറ്റിന്റെ സി.ഇ.ഒ ഫനീഷ് മൂര്‍ത്തി.

ഒബാമ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യയ്ക്കും ഇന്ത്യയിലെ ഐ.ടി മേഖലയ്ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയല്ല. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളുടെ പരിഹാരം കാണല്‍ 2013 വരെ നീളും. ആ വാഗ്ദാനങ്ങളാണ് ഐ.ടി മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരാന്‍ പോകുന്നത് എന്നുള്ളത് നിശ്ചയിക്കുന്നത് എന്ന് മൂര്‍ത്തി പറഞ്ഞു.[]

നമ്മുടെ ഐ.ടി എന്‍ജിനീയര്‍മാര്‍ അമേരിക്കയിലെ ജോലി തുടരണമോ എന്നുള്ള കാര്യവും ഈ വിജയം തീരുമാനിക്കും. സാമ്പത്തികരംഗം വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയായിരിക്കും ലോകം കാണേണ്ടിവരികയെന്നും മൂര്‍ത്തി വ്യക്തമാക്കി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയെ പരാജയപ്പെടുത്തി രണ്ടാം തവണയാണ് ഒബാമ അമേരിക്കയുടെ അധികാരപദത്തിലെത്തുന്നത്.

ഒബാമ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ അമേരിക്കയില്‍ ജോലി തേടിയെത്തുന്നതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അമേരിക്കക്കാര്‍ക്കുവേണ്ടി തങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഒബാമ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ഐ.ടി മേഖല അമേരിക്കയ്ക്കും യൂറോപ്പിനും 80 ശതമാനം വരുമാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more