ഇസ്രഈലിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയുണ്ടാകും: ഒബാമ
വാഷിങ്ടണ്‍: ഇസ്രഈലിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയുണ്ടാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എല്ലാ ഫലസ്തീനികളും ഹമാസോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ടവരോ അല്ലെന്നും മുസ്‌ലിം-അറബ്-ഫലസ്തീന്‍ വിരുദ്ധ വികാരങ്ങളെ തിരസ്‌കരിക്കണമെന്നും ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളെ കുറച്ചുകാണാനാകില്ലെന്നും ഒബാമ പറയുന്നു. ഗസയിലേക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യുതിയും തടഞ്ഞ ഇസ്രഈല്‍ നടപടി മനുഷ്യത്വമില്ലായ്മയാണെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
ഇസ്രഈലിന്റെ ഈ നടപടികള്‍ പ്രതിസന്ധി ഗുരുതരമാക്കുമെന്നും ഫലസ്തീനിലെ വരും തലമുറയുടെ പ്രതികരണങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും തോട്ട്‌സ് ഓണ്‍ ഇസ്രഈല്‍ ആന്റ് ഗാസ എന്ന തലക്കെട്ടില്‍ മീഡിയം.കോമില്‍ എഴുതിയ ലേഖനത്തില്‍ ഒബാമ പറയുന്നു. താനൊരു സയണിസ്റ്റാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവേശം പകരുന്ന സാഹചര്യത്തില്‍ തന്നെയാണ് മുന്‍ പ്രസിഡന്റ് ഒബാമ ഇസ്രഈലിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മനുഷ്യ ജീവനുകളെ അവഗണിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ ഏത് സൈനിക നീക്കവും തിരിച്ചടിയുണ്ടാക്കുമെന്നും ഒബാമ പറയുന്നു. ‘ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസയില്‍ കൊല്ലപ്പെട്ടു. അവരിലധികവും കുട്ടികളാണ്. പതിനായിരക്കണക്കിന് ആളുകള്‍ കുടിയൊഴിക്കപ്പെട്ടു. ഭക്ഷണവും വെള്ളവും ഇന്ധനവും വിലക്കിക്കൊണ്ടുള്ള ഇസ്രഈലിന്റെ നടപടി പ്രതിസന്ധി രൂക്ഷമാക്കും. ഇത് ഫലസ്തീനിലെ വരുംതലമുറയുടെ നിലപാടിനെ കൂടുതല്‍ കടുപ്പിക്കും. ഇസ്രഈലിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പിന്തുണയെയും ഇത് ബാധിക്കും. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള ദീര്‍ഘനാളായുള്ള പദ്ധതികളെ ഇത് പ്രതികൂലമായി ബാധിക്കും.
ഇസ്രഈലിനെ സഹായിക്കാന്‍ വന്നവര്‍ സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ച് ഹമാസിനെ ദുര്‍ബലപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഗസ ജനതക്ക് അടിയന്തിര സഹായം എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുസ്‌ലിം-അറബ്-ഫലസ്തീന്‍ വിരുദ്ധ വികാരങ്ങളെ തള്ളിക്കളയണം. എല്ലാ ഫലസ്തീനികളെയും ഹമാസുമായോ മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായോ കൂട്ടിക്കെട്ടരുത്. ഗസയിലെ ജനങ്ങള്‍ക്കെതിരെ മനുഷ്യത്വ രഹിതമായ ഭാഷ ഉപയോഗിക്കുന്നതിനെതിരെ കരുതല്‍ വേണം. ഫലസ്തീനികളുടെ ദുരിതത്തെ വിലകുറച്ച് കാണരുത്,’ ഒബാമ പറഞ്ഞു.
content highlights: Obama on the Israeli-Palestinian conflict