വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെ പരസ്യമായി പിന്തുണച്ച് ബറാക് ഒബാമ. ബെര്‍ണി സാന്‍ഡേഴ്‌സുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹിലരിക്കുള്ള പിന്തുണ ഒബാമ പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ് ഹിലരിയെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്നും ഒബാമ പറഞ്ഞു.
പ്രൈമറിയില്‍ ബെര്‍ണി സാന്‍ഡേഴ്‌സും ഹിലരിയും പ്രതിയോഗികളായിരുന്നെങ്കിലും രാജ്യ വികസനത്തിനായി നല്ല കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെക്കുമെന്നും ഒബാമ പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാനുള്ള 2383 പ്രതിനിധികളുടെ പിന്തുണ ഹിലരിക്ക് നേരത്തെ ലഭിച്ചിരുന്നു.
2008 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ഒബാമയോട് ഹിലരി മത്സരിച്ചിരുന്നു. അധികാരത്തിലെത്തിയ ശേഷം ഹിലരിക്ക് ഒബാമ സ്‌റ്റേറ്റ് സെക്രട്ടറി പദവി നല്‍കിയിരുന്നു.
അതേ സമയം ഒബാമയ്ക്ക് തുടര്‍ന്നും നാല് വര്‍ഷം കൂടെ ഭരണം തുടരാനുള്ള ആഗ്രഹമാണ് ഹിലരിക്കുള്ള പിന്തുണയെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.