World News
'തന്റെ പ്രശ്‌നത്തെക്കുറിച്ച് മാത്രം അലറികൊണ്ടിരിക്കുന്ന കോടീശ്വരന്‍'; ട്രംപിനെ പരിഹസിച്ച് ഒബാമ
വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അടുത്ത നാല് വര്‍ഷം അമേരിക്കയില്‍ അരാജകത്വം ഉടലെടുക്കേണ്ട ആവശ്യകതയില്ലെന്ന് ഒബാമ പറഞ്ഞു.
ഒരു സിനിമയുടെ ആദ്യഭാഗം തങ്ങള്‍ കണ്ടുതീര്‍ത്തതാണ്, അതിന്റെ രണ്ടാംഭാഗം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളുവെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് ഒബാമ പറയുകയുണ്ടായി.
‘ഒമ്പത് വര്‍ഷം മുമ്പ് തന്റെ ഗോള്‍ഡന്‍ എസ്‌കലേറ്ററില്‍ കയറിയ ട്രംപ്, തന്റെ പ്രശ്നങ്ങളെക്കുറിച്ച് അലറികൊണ്ടിരിക്കുന്ന 78 കാരനായ കോടീശ്വരനാണ്. വരുന്ന നാല് വര്‍ഷം കൂടി ഞങ്ങള്‍ക്ക് അമ്പരപ്പും അരാജകത്വത്തിന്റെയും ആവശ്യകതയില്ല. ഞങ്ങള്‍ ആ സിനിമ കണ്ടതാണ്, തുടര്‍ഭാഗം സാധാരണയെന്ന പോലെ മോശമായിരിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,’ എന്നാണ് ബരാക് ഒബാമ പറഞ്ഞത്.
വലിയ ആരവത്തോടെയാണ് മുന്‍ പ്രസിഡന്റിന്റെ പ്രസംഗം വോട്ടര്‍മാരും ഡെമോക്രാറ്റിക്ക് അനുകൂലികളും ഏറ്റെടുത്തത്. നിലവില്‍ സാമൂഹിക മാധ്യമങ്ങളില്‍ ബരാക് ഒബാമയുടെ പ്രസംഗം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ഷിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രസംഗത്തിനിടെയാണ് ഡൊണാള്‍ഡ് ട്രംപിനെ ഒബാമ പരിഹസിച്ചത്.
ജനാധിപത്യം എന്നത് ഏതോ പുസ്തകത്തിലെ അമൂര്‍ത്തമായ തത്വങ്ങളുടെയും പൊടിപിടിച്ച നിയമങ്ങളുടെയും ഒരു കൂട്ടം മാത്രമല്ല. അത് നമ്മള്‍ ജീവിക്കുന്ന മൂല്യങ്ങളും പരസ്പരം പെരുമാറുന്ന രീതിയുമായി ബന്ധപ്പെട്ടതാണ്. അതില്‍ കാണാന്‍ നമ്മെപ്പോലെയുള്ളവരും നമ്മെപ്പോലെ പ്രാര്‍ത്ഥിക്കുന്നവരും നമ്മെപ്പോലെ കാര്യങ്ങള്‍ ചെയ്യുന്നവരും ഉള്‍പ്പെടുന്നുവെന്നും ഒബാമ പറഞ്ഞു.
അതേസമയം നിരവധി ആളുകള്‍ ഒബാമയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. പ്രസംഗത്തെ ഏറ്റെടുത്തവര്‍, പരാമര്‍ശം രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പൊള്ളലിന് വഴിയൊരുക്കിയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, യാഥാസ്ഥിക വാദികള്‍ ഒബാമ ട്രംപിനെ അധിക്ഷേപിച്ചുവെന്നും പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് ഒബാമയും മുന്‍ പ്രഥമ വനിത മിഷേലും രംഗത്തെത്തിയിരുന്നു.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണായക ഘട്ടമാണ്. കമലയുടെ വിജയത്തിനായി തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും. നിങ്ങളും തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഇരുവരും പ്രതികരിച്ചത്.
ആദ്യമായി ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബരാക് ഒബാമ. 2008 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഒബാമ ചരിത്രം സൃഷ്ടിച്ചത്. 2024 നവംബറില്‍ കമല ഹാരിസിന് വിജയിക്കാനായാല്‍ പിറക്കുന്നത് മറ്റൊരു ചരിത്രം കൂടിയാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. നിലവില്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്.
Content Highlight: Obama mocking Trump