| Saturday, 12th January 2013, 9:47 am

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഉടന്‍: ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഉടന്‍ ആരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ.
അഫ്ഗാനിസ്ഥാനിലെ പ്രധാന സുരക്ഷാ ചുമതലകള്‍ അഫ്ഗാന്‍ സൈനികരെത്തന്നെ ഏല്‍പ്പിക്കുമെന്നും ഒബാമ പറഞ്ഞു.[]

ഇക്കാര്യത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി ധാരണയിലെത്തിയതായും ഒബാമ വ്യക്തമാക്കി. അമേരിക്കയിലെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായുള്ള ചര്‍ച്ചയിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

2014 അവസാനത്തോടെ പിന്‍മാറ്റം പൂര്‍ണമാക്കാനാണ് തീരുമാനം. ഇതോടെ അഫ്ഗാനിസ്ഥാന്‍ സേനയ്ക്കാവും രാജ്യത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല. ഉത്തരവാദിത്തപരമായ ഒരു അന്ത്യമാണ് ഇതോടെ അഫ്ഗാനിലെ യുദ്ധത്തിനുണ്ടാവുക.

അഫ്ഗാന്‍ സേനക്ക് വേണ്ട പരിശീലനവും സാങ്കേതിക സഹായവും അമേരിക്ക നല്‍കും. നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈനികരുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച രാവിലെയാണ് കര്‍സായി അമേരിക്കയിലെത്തിയത്. അഫ്ഗാന്‍ വിദേശകാര്യമന്ത്രി സല്‍മായ് റസൂല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റങ്കീണ്‍ ദദ്ഫര്‍, പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദി, ധനകാര്യമന്ത്രി ഹസ്‌റത് ഉമര്‍ സക്കീല്‍വാല്‍ തുടങ്ങിയവരും കര്‍സായിയോടൊപ്പമുണ്ട്.

അതേസമയം, മൂവായിരം മുതല്‍ ഒന്‍പതിനായിരം യുഎസ് സൈനികരെ അഫ്ഗാനില്‍ നിലനിര്‍ത്തി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും അഫ്ഗാന്‍ സേനയുടെ പരിശീലനം ഉറപ്പാക്കാനും യുഎസ് ഭരണകൂടത്തിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more