Loksabha
ഇങ്കില്വാബും ജയ് ഭീമും ജയ് മീമും ഉയര്‍ത്തി പ്രതിപക്ഷം; സത്യപ്രതിജ്ഞാ ചടങ്ങ് മുദ്രാവാക്യം വിളികള്‍ക്ക് വഴിമാറുമ്പോള്‍...
17ാം ലോക്‌സഭയുടെ സത്യപ്രതിജ്ഞാ വേദി സാക്ഷ്യം വഹിച്ചത് വിവിധ മുദ്രാവാക്യം വിളികള്‍ക്കാണ്. ബി.ജെ.പി എംപിമാരില്‍ ചിലര്‍ ജയ് ശ്രീറാം വിളികളുമായി സത്യപ്രതിജ്ഞാവാചകത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചതോടെയാണ് പ്രതിരോധ മുദ്രാവാക്യങ്ങളുമുയര്‍ന്നത്.
ബി.ജെ.പി എംപിമാരുടെ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികള്‍ ഇടതടവില്ലാതെ ലോക്‌സഭയിലുയര്‍ന്നു. ഉന്നാവ് ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് അയോധ്യയിലെ രാമക്ഷേത്രത്തെ ലക്ഷ്യം വച്ച് ‘മന്ദിര്‍ വാഹിന്‍ ബനായേങ്കെ’ എന്ന് ചേര്‍ത്തു സത്യപ്രതിജ്ഞാ വാചകത്തിനൊപ്പം. സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സാക്ഷി, ഭാരത് മാതാ കീ ജയ് എന്നും ജയ് ശ്രീറാം എന്നും പറഞ്ഞാണ് അവസാനിപ്പിച്ചത്.
ബി.ജെപി.യുടെ മഥുര എംപി ഹേമ മാലിനി കൃഷ്ണ സ്തുതികളുമായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
യു.പി.എ അധ്യക്ഷയും റായ് ബറേലി എംപിയുമായ സോണിയ ഗാന്ധി 17ാം ലോക്‌സഭയുടെ രണ്ടാം ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നിരയിലിരുന്ന് രാഹുല്‍ ഗാന്ധി സോണിയയുടെ സത്യപ്രതിജ്ഞാ രംഗം ഫോണില്‍ പകര്‍ത്തി. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ബി.ജെ.പി എംപിമാര്‍ സോണിയയെ ഡെസ്‌കില്‍ കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തു.
മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചാണ് ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ദ് മന്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. പഞ്ചാബിലെ സംഗൂരുവില്‍ നിന്നുള്ള എംപിയാണ് ഭഗവന്ദ് മന്‍.
‘അംബേദ്കറും പെരിയാറും വിജയിക്കട്ടെ, ജനാധിപത്യവും സമത്വവും വിജയിക്കട്ടെ’ എന്ന് ഉരുവിട്ടാണ് തമിഴ്നാട്ടിലെ ചിദംബരം എം.പി വിടുതലൈ ചിരുത്തെ കക്ഷി പാര്‍ട്ടി നേതാവ് തോല്‍ തിരുമാളവന്‍ സത്യപ്രതിജ്ഞ ചെയ്തത്. ‘ഇന്തിയ നാട്ടിന്‍ ഇരയാണ്‍മൈയെയും ഒട്രുമൈപട്ടൈയും നിലൈനിര്‍ത്തുവേന്‍ എന്‍ട്രും, നാന്‍ മേല്‍ക്കൊള്ളയിറുക്കും കടമയൈ നേര്‍മയുടന്‍ നിറൈവേട്രുവേന്‍ എന്‍ട്രും ഉളമാര ഉരുതി കുരുഹിറേന്‍. വാഴ്കെ അംബേദ്കര്‍, പെരിയാര്‍. വെല്‍കെ ജനനായകം സമത്വം’, എന്നായിരുന്നു തിരുമാളവന്‍ പ്രതിജ്ഞ ചെയ്തത്.
തമിഴ്നാട്ടില്‍ നിന്നുള്ള മറ്റൊരു എംപിയായ കുപ്പുസ്വാമി ജയകുമാര്‍ ‘ഗാന്ധിയും അംബേദ്ക്കറും പെരിയാറും കാമരാജും വിജയിക്കട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
മധുരൈ ലോകസഭാ മണ്ഡലത്തില്‍ നിന്നും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി വിജയിച്ച എഴുത്തുകാരന്‍ സു വെങ്കടേശന്‍ ഡി.എം.കെ എംപിമാരില്‍ നിന്നും വ്യത്യസ്തമായി ‘തമിഴ് വാഴ്കെ, മാര്‍ക്സീയം വാഴ്കെ’ എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞ ചെയ്യവേ ബി.ജെ.പി എംപിമാര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഒവൈസിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതിനു പിന്നാലെ അദ്ദേഹം മുന്നോട്ടേക്ക് കടന്നുവന്നുകൊണ്ടിരിക്കെയാണ് എം.പിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് സത്യവാചകം ചൊല്ലിയ ഒവൈസി ‘ജയ് ഭീം-ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്’ എന്നു പറഞ്ഞാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്.
പ്രതിപക്ഷ എംപിമാര്‍, പ്രത്യേകിച്ച് തൃണമൂല്‍ എംപിമാര്‍ സത്യപ്രതിജ്ഞയ്ക്ക് വിളിക്കപ്പെട്ടപ്പോഴും ബി.ജെ.പി എംപിമാര്‍ ജയ് ശ്രീറാം വിളികള്‍ തുടര്‍ന്നു. ജയ് ഹിന്ദെന്നും ജയ് ദുര്‍ഗയെന്നും ഏറ്റുപറഞ്ഞ് തൃണമൂല്‍ എംപിമാര്‍ തിരിച്ചടിച്ചു.
ലോക്‌സഭയില്‍ ആദ്യമായെത്തിയ സണ്ണി ഡിയോള്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിച്ചത് ഭാരത് മാതാ കീ ജയ് വിളിയിലാണ്.
അതിനിടെ, ഗുര്‍ദാസ്പുരിലെ ബി.ജെ.പി എംപി രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും മുറുകെ പിടിക്കുമെന്ന വാചകത്തിന് പകരം പറഞ്ഞത് രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും തടസപ്പെടുത്തുമെന്നാണ്. പിന്നീട് തിരുത്തി.
17ാം ലോക്‌സഭയുടെ ആദ്യ ദിവസം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യവേ ബി.ജെ.പി അംഗങ്ങള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെതിരെ അമരാവതിയില്‍ നിന്നുള്ള എം.പി നവനീത് റാണ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ‘ ജയ് ശ്രീറാം വിളിക്കേണ്ട സ്ഥലം ഇതല്ല. അതിനു ക്ഷേത്രങ്ങളുണ്ട്. എല്ലാ ദൈവങ്ങളും ഒരേപോലെയാണ്. ആരെയെങ്കിലും വേട്ടയാടാനായി ആ പേര് ഉപയോഗിക്കുന്നത് തെറ്റാണ്.’ എന്നായിരുന്നു നവനീത് റാണ പറഞ്ഞത്.
എന്നാല്‍, സഭാ രേഖകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട വാചകങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തൂ എന്നും മുദ്രാവാക്യങ്ങള്‍ ഒഴിവാക്കുമെന്നും പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.