വിശ്വാസവോട്ടെടുപ്പിന് മുന്‍പായി എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യണം; അതുവരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു തീരുമാനവും യെദ്യൂരപ്പ എടുക്കരുത്: സുപ്രീം കോടതി
Karnataka Election
വിശ്വാസവോട്ടെടുപ്പിന് മുന്‍പായി എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യണം; അതുവരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു തീരുമാനവും യെദ്യൂരപ്പ എടുക്കരുത്: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th May 2018, 12:36 pm

ന്യൂദല്‍ഹി: സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പായി എല്ലാ എം.എല്‍.എമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞതായി കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി.

സര്‍ക്കാരുമായി ബന്ധപ്പെട്ട് നയപരമായ ഒരു തീരുമാനവും അതുവരെ യെദ്യൂരപ്പയ്ക്ക് കൈക്കൊള്ളാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞതായി സിങ്‌വി മാധ്യമങ്ങളെ അറിയിച്ചു.

കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റി ബി.എസ് യെദ്യൂരപ്പ ഉത്തരവിട്ടിരുന്നു. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിരവധി ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിയത്.


Dont Miss ‘പരീക്ഷണത്തിന് ഞങ്ങള്‍ ഒരുക്കമാണ്, സഭയില്‍ ഭൂരിപക്ഷം തെളിയിക്കും’, ബി.ജെ.പിയുടെ പ്രതികരണം


സിദ്ധരാമയ്യ സര്‍ക്കാരിനു കീഴില്‍ പബ്ലിക് വര്‍ക്സ് ഡിപാര്‍ട്ട്മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. ലക്ഷ്മിനാരായണയെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കുയും ഈ സ്ഥാനം ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി തസ്തികക്ക് തുല്യമാണെന്നും ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ആന്റി-കറപ്ഷന്‍ ബ്യൂറോ എസ്.പി എസ്. ഗിരീഷിനെ ബെംഗലൂരു നോര്‍ത്ത്-ഈസ്റ്റ് ഡി.സി.പിയായി സ്ഥാനം മാറ്റിയിരുന്നു. കൂടാതെ, മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ഉടനെ മുഖ്യമന്ത്രി മാത്രം പങ്കെടുത്ത ആദ്യ ക്യാബിനറ്റ് ഏകാംഗ മന്ത്രി സഭാ യോഗവും നടത്തിയിരുന്നു.

വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും യെദ്യൂരപ്പ ഇന്നലെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

104 എം.എല്‍.എമാരുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കു വേണ്ടത്.

സുപ്രീം കോടതിയുടെ ഇന്നത്തെ വിധി ചരിത്രപരമായ വിധി തന്നെയാണ്. പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ടെന്നുംസിങ്‌വി പറഞ്ഞു. നാല് മണിക്ക് മുന്‍പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് അതില്‍ പ്രധാനപ്പെട്ടത്. അത് പ്രോടേം സ്പീക്കര്‍ക്ക് കീഴിലായിരിക്കണം. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരിക്കണം പ്രോ ടൈം സ്പീക്കര്‍.

വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ ബി.ജെ.പി നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ഓള്‍ ഇന്ത്യാ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ക്ലൈവ് മൈക്കിള്‍ വാന്‍ബുര്‍ളെയാണ് കോടതിയെ സമീപിച്ചത്.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ആര്‍ട്ടിക്കിള്‍ 333 പ്രകാരം ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ഭൂരിപക്ഷം തെളിയിച്ചതിനുശേഷം മാത്രമേ നാമനിര്‍ദേശം ചെയ്യാനാവൂവെന്ന ഹൈക്കോടതി വിധിയും ഹര്‍ജിക്കൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് സമയം അനുവദിക്കണം, വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണം തുടങ്ങിയ ബി.ജെ.പിയുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്.

നാളെ വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു രഹസ്യബാലറ്റ് വേണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെച്ചത്. എന്നാല്‍ അത് നടപ്പില്ലെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

കൃത്യമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തടസമുണ്ടായിരിക്കാമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എം.എല്‍.എമാര്‍ക്ക് അത് സമ്മര്‍ദമാകുമെന്നും ബി.ജെ.പിയുടെ അഭിഭാഷന്‍ വാദിച്ചിരുന്നു. ഞായറാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബി.ജെ.പി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.