| Monday, 25th February 2013, 10:00 am

സ്‌കൂളില്‍ സ്ഥാപിച്ച ഒ.വി വിജയന്റെ പ്രതിമ മാറ്റണമെന്ന ലീഗ് നിര്‍ദേശം വിവാദത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിശ്വസാഹിത്യകാരന്‍ ഒ.വി വിജയന്റെ പ്രതിമ പൊളിച്ചുമാറ്റണമെന്ന് മുസ്‌ലീം ലീഗ്.[]

വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച സ്മൃതിവനം പാര്‍ക്കിലെ പ്രതിമക്കെതിരെയാണ് ലീഗ് ഭരിക്കുന്ന  നഗരസഭ രംഗത്തെത്തിയത്.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ വിജയന്റെ പ്രതിമ “ഖസാക്കിന്റെ ഇതിഹാസം” നോവലിലെ കഥാസന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മിച്ചത്. ഇത് പൊളിച്ചുനീക്കണമെന്നാണ് ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടത്.

വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് പ്രതിമ നീക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയായിരുന്നു.  ആര്‍ട്ടിസ്റ്റ് ഇന്ത്യനൂര്‍ ബാലകൃഷ്ണനാണ് ഒ.വി വിജയനും പൂച്ചയും പുസ്തകവും ചേര്‍ത്തുള്ള പ്രതിമ കൊത്തിയത്.

ഖസാക്കിന്റെ ഇതിഹാസത്തില്‍ കഥാപാത്രങ്ങളായിവരുന്ന മൂങ്ങയും പാമ്പും പാര്‍ക്കില്‍ കൊത്തിവച്ചിട്ടുണ്ട്. 1.75ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ചൊവ്വാഴ്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് നഗരസഭ എതിര്‍പ്പുമായി രംഗത്തെത്തിയത്.

പ്രതിമ നിര്‍മിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നാണ് വാദം. പ്രതിമ മാറ്റിയശേഷം പാര്‍ക്ക് ഉദ്ഘാടനം ചെയ്താല്‍ മതിയെന്നാണ് നഗരസഭയുടെ നിലപാട്.

കഴിഞ്ഞ ദിവസം നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി മൂസക്കുട്ടി ഹാജി ഫോണില്‍ വിളിച്ചാണ് പ്രതിമ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പ്രതിമ മാറ്റിയില്ലെങ്കില്‍ ഉദ്ഘാടനവുമായി സഹകരിക്കില്ലെന്നാണ് നഗരസഭ നിലപാട്.

സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ക്കിന് അനുമതി ആവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പില്‍ അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. പ്രതിമ മൂടിവച്ച ശേഷം ഉദ്ഘാടനം നടത്താനും പി.ടി.എ യോഗത്തില്‍ തീരുമാനമായതായാണ് വിവരം.

അതേസമയം, നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ക്കിന്റെ ഉദ്ഘാടകനായ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ ചടങ്ങില്‍ നിന്ന്  പിന്‍മാറി.

ഒ.വി. വിജയന്റെ പേരിലുള്ള സംരംഭമായതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റതെന്ന് ജയകുമാര്‍ പറഞ്ഞു. നഗരസഭയുടെ വഴക്കുകളിലേക്ക് വരാന്‍ ഇനി താത്പ്പര്യമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ പ്രതികരണം. പ്രതിമ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സ്‌കൂള്‍വളപ്പില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തണമെങ്കില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിവേണമെന്നും മന്ത്രി പറഞ്ഞു.

പ്രതിമക്ക് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ പറഞ്ഞു. നഗരസഭാ പരിധിയില്‍ നടക്കുന്ന എല്ലാ നിര്‍മാണങ്ങള്‍ക്കും അനുമതി ആവശ്യമാണ്. നിലവില്‍ സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ സമര്‍പ്പിച്ചാല്‍ കൗണ്‍സിലിന്റെ പരിഗണനക്ക് വിടുമെന്നും അവര്‍ പറഞ്ഞു.

സര്‍പ്പങ്ങളും കാവുകളും ആള്‍രൂപങ്ങളും വച്ച് അതിന് കൂമന്‍കാവ് എന്ന് പേരിട്ടാല്‍ അത് കാവായിമാറുമെന്ന തെറ്റിദ്ധാരണയാണ് ശില്പം പൊളിച്ചുനീക്കുന്നതിന് പിന്നിലെന്ന് സ്‌കൂളിലെ സ്മൃതിവനം രൂപകല്‍പ്പനചെയ്ത ഇന്ത്യനൂര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഖസാക്ക് എന്താണെന്നും  വിജയന്‍ ആരാണെന്നും അറിയാത്ത പുസ്തകം വായിക്കാത്തവരാണ് ഇതിന് പിന്നിലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more