| Monday, 7th August 2017, 11:13 am

ഒ. രാജഗോപാല്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി; കേരളാ കോണ്‍ഗ്രസ് അംഗങ്ങളും ഒപ്പമിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. രാജഗോപാലിനൊപ്പം കേരള കോണ്‍ഗ്രസ് അംഗങ്ങളും സഭവിട്ടു.

സംസ്ഥാനത്തെ പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചെന്നും പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തതാണ് അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും രാജഗോപാല്‍ പറഞ്ഞു. ഒരുവിഭാഗം പൊലീസുകാര്‍ രാഷ്ട്രീയക്കാര്‍ക്ക് വിടുപണി ചെയ്യുകയാണെന്നും രാജഗോപാല്‍ ആരോപിച്ചു.

കേരളത്തിലെ ക്രമക്രമസമാധാന തകര്‍ച്ച, രാഷ്ട്രീയ കൊലപാതകം എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ഒ. രാജഗോപാലിന് സംസാരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം ഉണ്ടായിരുന്നു.

ഇത്തരമൊരു നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തിനൊടുവില്‍ രാജഗോപാലിന് പിന്നീട് അവസരം നല്‍കാന്‍ തീരുമാനമാവുകയായിരുന്നു.

അടിയന്തര പ്രമേയം അവതരിപ്പിച്ച് കെ. മുരളീധരന്‍ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് രാജഗോപാലിനെ പ്രസംഗിക്കാനായി സ്പീക്കര്‍ ക്ഷണിച്ചത്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഒരുതരത്തിലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

എന്നാല്‍ ശ്രദ്ധക്ഷണിക്കലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതിനാലാണ് രാജഗോപാലിന് അനുമതി നല്‍കിയതെന്നായിരുന്നു വിശദീകരണം.

അതേസമയം ക്രമസമാധാനപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

തുടര്‍ന്ന് ക്രമസമാധാന തകര്‍ച്ച സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്പീക്കര്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more