തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനം പരാജയമെന്ന് ബി.ജെ.പി എം.എല്‍.എ. ഒ. രാജഗോപാല്‍. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. റിപ്പബ്ലിക് ചാനലിനോടാണ് ഒ. രാജഗോപാല്‍ ഇങ്ങനെ പ്രതികരിച്ചത്.
സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നും സ്ത്രീകളുടെയും മറ്റ് ഭക്തരുടെയും സുരക്ഷയ്ക്കു വേണ്ടതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭക്തര്‍ക്ക് സുരക്ഷയൊരുക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമെന്നും സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ സുരക്ഷയൊരുക്കുന്നത്. യഥാര്‍ത്ഥ ഭക്തരെ ഇത് പ്രയാസത്തിലാക്കിയിരിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നേരത്തെ ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ പറഞ്ഞു.
കേരള ഹൈക്കോടതിയിലും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. എങ്ങനെയാണ് കോടതിയെ ബന്ധപ്പെടുകയെന്ന് സിങ്വിയുമായി ആലോചിക്കും. 25 പുനപരിശോധനാ ഹര്‍ജികള്‍ നിലവിലുണ്ട്. അതിലെല്ലം ദേവസ്വംബോര്‍ഡും കക്ഷിയാണെന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ കയറിയ വിഷയത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളിയുടെ നിലപാട് തന്നെയാണ് ഉള്ളതെന്നും ശബരിമലയെ കലാപഭൂമിയാക്കാന്‍ ദേവസ്വംബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.