| Thursday, 31st December 2020, 10:23 am

'ചിലര്‍ക്ക് ഏത് വിഷയം വന്നാലും മോദിയെ വിമര്‍ശിക്കണം'; സഭയില്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് ഒ. രാജഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്‍ഷിക നിയമത്തെ നിയമസഭയില്‍ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. 2020ലെ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ ഉറപ്പ് നല്‍കിക്കൊണ്ട് കൊണ്ടുവന്നവയാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ എവിടെയും കൊണ്ട് പോയി വില്‍പന ചെയ്യാന്‍ സാധിക്കുന്നതാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തെ എതിര്‍ത്ത് കൊണ്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. ഈ നിയമം കോണ്‍ഗ്രസ് മുന്‍പ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സി.പി.ഐ.എം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയത്.

ചിലര്‍ക്ക് ഏത് വിഷയം വന്നാലും മോദിയെ വിമര്‍ശിക്കണം. സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നാണ് ഇവിടെ നേരത്തെ പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയോട് രാഷ്ട്രീയ നേതാക്കന്‍മാര്‍ പറഞ്ഞത് ആദ്യം നിയമങ്ങള്‍ പിന്‍വലിക്കെട്ട, എന്നിട്ട് നോക്കാം എന്നാണ്.

അധികൃതരും യഥാര്‍ത്ഥ കര്‍ഷക പ്രതിനിധികളും ചേര്‍ന്നിരുന്ന് വേണം ചര്‍ച്ചകള്‍ നടത്താന്‍. സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉപകാരപ്രദമാകും എന്നാണ് കരുതുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

സഭയില്‍ നിയമത്തിനെതിരെ നടക്കുന്ന പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് നിയമഭേദഗതികളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചൂകൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച് കൊണ്ട് പറഞ്ഞത്.

കോര്‍പ്പറേറ്റ് അനുകൂല പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്താതിരുന്നാല്‍ ആ പ്രതിസന്ധി താങ്ങാന്‍ കേരളത്തിന് ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സഭയില്‍ സംസാരിച്ച ഭരണപക്ഷവും പ്രതിപക്ഷവും നിയമത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: O Rajagopal support farmers law stand against government’s resolution

We use cookies to give you the best possible experience. Learn more