തിരുവനന്തപുരം: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാത്തത് സി.പി.ഐ.എമ്മിന്റൈ ദളിത് വിരുദ്ധതയാക്കി ചിത്രീകരിക്കാന്‍ വസ്തുതാവിരുദ്ധ പരാമര്‍ശവുമായി ഒ. രാജഗോപാല്‍ എം.എല്‍.എ. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന വേളയില്‍ സി.പി.ഐ.എം പിന്തുണച്ചില്ല എന്ന തെറ്റായ വസ്തുതയാണ് രാജഗോപാല്‍ പ്രചരിപ്പിക്കുന്നത്.
യു.പിയിലെ ബി.ജെ.പിയുടെ ദളിത് മുഖമായ രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് സി.പി.ഐ.എം രംഗത്തെത്തിയ സാഹചര്യത്തിലാണ് വസ്തുതാവിരുദ്ധ പ്രചരണവുമായി ഒ.രാജഗോപാല്‍ രംഗത്തുവന്നിരിക്കുന്നത്.
കെ.ആര്‍ നാരായണനെ പിന്തുണയ്ക്കാതെ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുപോലുള്ള പ്രവൃത്തി സി.പി.ഐ.എം കാണിക്കരുതെന്നും ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കണമെന്നുമാണ് രാജഗോപാലന്‍ ആവശ്യപ്പെട്ടത്.
1997ല്‍ കെ.ആര്‍ നാരായണനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ സി.പി.ഐ.എം അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടി.എന്‍ ശേഷനെ ശിവസേന മാത്രമാണ് പിന്തുണച്ചത് എന്നിരിക്കെയാണ് ഇടതുപക്ഷം എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന തരത്തില്‍ ഒ. രാജഗോപാലന്‍ പ്രചരണം നടത്തുന്നത്.
ആര്‍.എസ്.എസിന്റെ അജണ്ടയാണ് രാംനാഥ് കോവിന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബി.ജെ.പി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. കോവിന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സി.പി.ഐ.എം എതിര്‍ത്തത് ദളിത് വിരുദ്ധതയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് രാജഗോപാല്‍ നടത്തുന്നത്.