കണ്ണൂര്‍: എല്ലാ ആചാരങ്ങളും എല്ലാ കാലത്തും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നും കാലാനുസൃതമായി ആചാരം മാറിവരുമെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ. എന്നാല്‍, ആ മാറ്റം വിശ്വാസത്തെ എതിര്‍ക്കുന്നവര്‍ കൊണ്ടുവരാന്‍ തുടങ്ങിയാല്‍ എതിര്‍ക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിശ്വാസത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആളും തരവും നോക്കി പ്രതികരിച്ച് കള്ളക്കളി കളിക്കുകയാണെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റുകാര്‍ ഈശ്വര വിശ്വാസികളാവണമെന്ന് നിര്‍ബന്ധമില്ല. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, ഭരണാധികാരികള്‍ ജനവികാരം മാനിക്കാന്‍ തയ്യാറാവണം. നിരപരാധികളെ ഫോട്ടോ കാണിച്ച് കേസില്‍പെടുത്തുന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍. യഹൂദരെ പീഡിപ്പിച്ച ഹിറ്റ്‌ലറുടെ സമീപനമാണ് പിണറായി സര്‍ക്കാര്‍ വിശ്വാസികളോട് കൈക്കൊള്ളുന്നതെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി. സി.പി.ഐ.എം ഭരണത്തെ പാഠംപഠിപ്പിക്കാന്‍ രണ്ടര വര്‍ത്തിനുശേഷം അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും അവസരം വരുന്നുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
എന്‍.ഡി.എ കണ്ണൂരില്‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യവെയാണ് രാജഗോപാലിന്റെ വാക്കുകളെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്ന പറയുന്ന രാജഗോപാലിന്റെ 19 കൊല്ലം മുമ്പെഴുതിയ ലേഖനം നേരത്തെ പുറത്തു വന്നിരുന്നു. മാതൃഭൂമി 1999ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് തന്നെ സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്നായിരുന്നു.