'എന്നാണ് ഇനി സി.പി.ഐ.എമ്മിന്റെ കൊടി പിടിക്കുന്നത്'; സേവ് ബംഗാള്‍ ദീപം കത്തിച്ച ഒ. രാജഗോപാലിനെതിരെ വിമര്‍ശനം, എല്‍.ഡി.എഫ് വിജയാഘോഷമെന്ന് കമന്റുകള്‍
Kerala Politics
'എന്നാണ് ഇനി സി.പി.ഐ.എമ്മിന്റെ കൊടി പിടിക്കുന്നത്'; സേവ് ബംഗാള്‍ ദീപം കത്തിച്ച ഒ. രാജഗോപാലിനെതിരെ വിമര്‍ശനം, എല്‍.ഡി.എഫ് വിജയാഘോഷമെന്ന് കമന്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th May 2021, 9:23 am

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് ദീപം കത്തിച്ച് ഇടത്പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. ഇതിനിടെ ദീപം കത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലും രംഗത്ത് എത്തി.

ബംഗാളിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഒ. രാജഗോപാല്‍ ദീപം കത്തിച്ചത്. സേവ് ബംഗാള്‍, ബംഗാള്‍ വയലന്‍സ് തുടങ്ങിയ ഹാഷ്ടാഗും  ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു.

ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളുമാണ് രാജഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എല്‍.ഡി.എഫിന്റെ വിജയമാണ് രാജഗോപാല്‍ ആഘോഷിച്ചതെന്നും, എന്നാണ് രാജഗോപാല്‍ സി.പി.ഐ.എം കൊടി പിടിക്കുന്നതെന്നും സോഷ്യല്‍മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

ഇതിനിടെ ബി.ജെ.പി ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ഈ ദിവസം തന്നെ ഒ. രാജഗോപാലിന് ദീപം കത്തിക്കണമായിരുന്നോ എന്നും സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കമന്റുകള്‍ വരുന്നുണ്ട്.

താങ്കള്‍ ഇപ്പോഴും ബി.ജെ.പിക്കാരന്‍ ആണോ. തൊണ്ണൂറു കഴിഞ്ഞ ഒരാള്‍ക്ക് ഇത്രയും കുശുമ്പും അസൂയയും കാണുന്നത് ആദ്യമായിട്ടാണ് എന്നും കമന്റുകള്‍ വരുന്നുണ്ട്.

‘ഇയാള് സംഘത്തിന് അപമാനം, നേതൃത്വം ഇടപെട്ട് പുറത്താക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം’ എന്നും കമന്റ് വരുന്നുണ്ട്. ഇതിനിടെ ഒ. രാജഗോപാലിന്റെ ദീപം കത്തിക്കല്‍ ഇടതുപ്രവര്‍ത്തകരും ആഘോഷിക്കുകയാണ്.

തങ്ങളുടെ വിജയം ഒ. രാജഗോപാല്‍ പോലും ആഘോഷിക്കുകയാണെന്നാണ് ഇടതുപക്ഷം പറയുന്നത്. അഞ്ച് വര്‍ഷം നിയമസഭയില്‍ ഇരുന്ന് ഇങ്ങനെയായെന്നും ഫേസ്ബുക്കില്‍ കമന്റുകള്‍ വരുന്നുണ്ട്.

‘ടാഗ് ബംഗാളിനുള്ളതാണേലും ദീപം നമുക്കുള്ളതാ, ആര്‍ക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ’ എന്നുള്ള പരിഹാസങ്ങളും വരുന്നുണ്ട്. നേരത്തെയും ബി.ജെ.പിക്ക് തിരിച്ചടിയായ നിലപാടുകള്‍ ഒ. രാജഗോപാല്‍ എടുത്തിരുന്നു.

നേമത്ത് തനിക്ക് ലഭിച്ച വോട്ടുകള്‍ കുമ്മനത്തിന് ലഭിക്കില്ലെന്ന് ഒ. രാജഗോപാല്‍ പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ഉള്ളത് കൊണ്ടായിരുന്നു ഇടതുപക്ഷത്തിന്റെ വിജയാഘോഷം വീടുകളില്‍ ദീപം കത്തിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചത്.

വീടുകളില്‍ പ്രവര്‍ത്തകര്‍ മെഴുകുതിരികളും ചെരാതുകളും പന്തവും കൊളുത്തി ആഘോഷിച്ചിരുന്നു. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

O. Rajagopal Save Bengal Campaign and social media say it is an LDF victory celebration