തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന ഒ. രാജഗോപാല്‍.
1991ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും വോട്ടുകച്ചവടം നടത്തിയെന്നാണ് തന്റെ ആത്മകഥയായ ജീവിതാമൃതത്തില്‍ രാജഗോപാല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ വോട്ടുകച്ചവടം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘പി.പി. മുകുന്ദന്റെ പരിചയക്കുറവ് എല്‍.ഡി.എഫും യു.ഡി.എഫും മുതലെടുത്തു. കെ.ജി. മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ല. അങ്ങനെ എല്‍.ഡി.എഫ് ഉന്നയിച്ച കോലീബീ എന്ന ആക്ഷേപം മാത്രം ബാക്കിയായി,’ രാജഗോപാല്‍ പറയുന്നു.
ബി.ജെ.പി വോട്ടുകൂടി നേടിയാണ് യു.ഡി.എഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍ പറയുന്നു. ഞായറാഴ്ചയാണ് ഗോവ ഗവര്‍ണറും മുന്‍ ബി.ജെ.പി അധ്യക്ഷനുമായിരുന്ന പി. എസ്. ശ്രീധരന്‍പിള്ള രാജഗോപാലിന്റെ ആത്മകഥ പ്രകാശനം ചെയ്തത്.
91 ലെ ബി.ജെ.പി-കോണ്‍ഗ്രസ് ധാരണയെക്കുറിച്ച് മാരാറും നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സഖ്യത്തിനെ കുറിച്ച് കെ.ജി മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തില്‍ പറയുന്നുണ്ട്.
1989 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം നേടിയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞടുപ്പില്‍ പരാജയം മണത്ത യു.ഡി.എഫ് നേതൃത്വം, ബി.ജെ.പിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കുകയായിരുന്നു.
ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര ലോക്സഭ മണ്ഡലത്തിലും ബി.ജെ.പി പൊതു സ്വതന്ത്രരെ നിര്‍ത്തുക. ഇവിടെ കോണ്‍ഗ്രസും ലീഗും ബി.ജെ.പിയെ സഹായിക്കും. പകരം കേരളമാകെ ബി.ജെ.പി യു.ഡി.എഫിനെ സഹായിക്കും.