'എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്‌നയ്ക്കും പിറകേ പോയി, സര്‍ക്കാര്‍ വികസനത്തിന് പിറകേയും'; ബി.ജെ.പിക്കെതിരെ ഒ. രാജഗോപാല്‍
Kerala News
'എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്‌നയ്ക്കും പിറകേ പോയി, സര്‍ക്കാര്‍ വികസനത്തിന് പിറകേയും'; ബി.ജെ.പിക്കെതിരെ ഒ. രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 2:18 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.

സംഘടനയ്ക്കുള്ളില്‍ നിന്ന് പരാതികള്‍ പരിഹരിച്ചില്ല. ശോഭാ സുരേന്ദ്രന്റെ പരാതി ബി.ജെ.പി നേതൃത്വം പരിഹരിക്കേണ്ടതായിരുന്നെന്നും രാജഗോപാല്‍ പറഞ്ഞു.

എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്‌നയ്ക്കും പിറകെ പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പിറകേ പോയെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ക്കാവശ്യം വികസനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭാഗത്ത് പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊട്ടിഘോഷിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളും വമ്പന്‍ അവകാശ വാദങ്ങളും പൊള്ളയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വേണ്ട ആസൂത്രണം നടപ്പാക്കാന്‍ സംസ്ഥാന ബി.ജെ.പിക്കായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരത്ത് പരാജയപ്പെട്ടതിന് കാരണം യു.ഡി.എഫും എല്‍.ഡി.എഫും ഒത്തു കളിച്ചിട്ടാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തെ തള്ളിയും ഒ. രാജഗോപാല്‍ രംഗത്തെത്തിയിരുന്നു.

ക്രോസ് വോട്ട് നടന്നെന്നതിന് ഒരു തെളിവുമില്ലെന്നും അതിന് പാര്‍ട്ടിക്കുള്ളില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിച്ചില്ലെന്നും വാദിച്ചിരുന്നു.

കൂടുതല്‍ ജനസേവനത്തില്‍ ഏര്‍പ്പെടണം. അപ്പഴേ ജയിക്കാന്‍ സാധിക്കൂവെന്നും എല്‍ഡി.എഫിന് അത് സാധിച്ചെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു. സീറ്റ് വിഭജനത്തില്‍ പോരായ്മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്മയും നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെയാണ് മുന്നോട്ട് പോകേണ്ടത്. തോന്നിയ പോലെ പരീക്ഷണം നടത്തിയാല്‍ അബദ്ധത്തിലാവുമെന്നും രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെ ബി.ജെ.പി പരാജയപ്പെട്ടത് എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചിട്ടാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചെന്നും സുരേന്ദ്രന്‍ വാദച്ചിരുന്നു. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് ധാരണയുണ്ടായെന്ന കാര്യം തെളിഞ്ഞെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് ബി.ജെ.പിക്കെതിരെ നടന്നത് നീചമായ വോട്ടു കച്ചവടമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: O Rajagopal MLA against BJP again after election defeat