തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടിട്ടും ഇറങ്ങാതെ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍.
ബജറ്റ് സമ്മേളനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷത്തിലെ എല്ലാ നേതാക്കളും ഇറങ്ങിപ്പോയിരുന്നു.
പി.സി ജോര്‍ജും വിമര്‍ശനം രേഖപ്പെടുത്തി സഭ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ ബി.ജെ.പിയുടെ എം.എല്‍.എ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാത്തത് ചര്‍ച്ചയാകുന്നത്. ഒ. രാജഗോപാല്‍ സഭയില്‍ ഇപ്പോഴും തുടരുന്നുണ്ട്.
ഭരണഘടനാപരമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം പുറത്ത് നിന്ന് പ്രതിഷേധിക്കുകയാണ്. പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഒ.രാജഗോപാല്‍ അനുകൂലിച്ചത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.
പൊതുവികാരം നിയമത്തിനെതിരാണെന്നായിരുന്നു പ്രമേയത്തെ അനുകൂലിക്കുന്നതിന് കാരണമായി രാജഗോപാല്‍ ചൂണ്ടിക്കാട്ടിയത്.സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഒ. രാജഗോപാലിന്റെ പ്രതികരണം.
‘പ്രമേയത്തെ ഞാന്‍ അനകൂലിച്ചു. പൊതുമനസാക്ഷി നിയമത്തിന് അനുകൂലമല്ലായിരുന്നു. അതല്ലേ ജനാധിപത്യ സ്പിരിറ്റ്. ജനാധിപത്യ സംവിധാനത്തില്‍ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറഞ്ഞ് നില്‍ക്കേണ്ട ആവശ്യമില്ല,” എന്നായിരുന്നു ഒ. രാജഗോപാല്‍ പറഞ്ഞത്.
കൊവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം നേരിടാനുള്ള കേന്ദ്ര സഹായം പോരെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിച്ചിരുന്നു.
കാര്‍ഷിക നിയമഭേദഗതിക്കതിരായ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമഭേദഗതി കുത്തകകളെ സഹായിക്കുന്നതാണ്. കാര്‍ഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാക്കും. താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്നും കര്‍ഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിതെന്നും ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കാതിരിക്കാന്‍ സര്‍ക്കാരിനായെന്നും നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ പറഞ്ഞിരുന്നു.